കുവൈത്തിൽ വാൻ ലഹരിമരുന്ന് വേട്ട : 131 കിലോഗ്രാം ഹാഷിഷ് പിടികൂടി

Update: 2022-10-11 06:40 GMT


കുവൈത്ത് സിറ്റി : ഇറാനില്‍ നിന്ന് കുവൈത്തിലേക്കെത്തിയ 131 കിലോഗ്രാം ഹാഷിഷ് പിടികൂടി. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി സഹകരിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ രണ്ട് ഇറാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നീട് തിരികെ എടുക്കാനായി കടലില്‍ ലഹരിമരുന്ന് നിക്ഷേപിച്ചെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തിയ രണ്ടുപേരെ അധികൃതര്‍ പിടികൂടിയിരുന്നു. 25 കിലോഗ്രാം ഹാഷിഷുമായാണ് രണ്ടുപേരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വില്‍പ്പന ലക്ഷ്യമിട്ടാണ് ഇവര്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയത്.

ആന്റി ഡ്രഗ്‌സ് ട്രാഫിക്കിങ് വിഭാഗം നേരത്തെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി തേടിയിരുന്നു. ഇതിന് ശേഷമാണ് പ്രതികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. ലഹരിമരുന്നും പണവും ഉള്‍പ്പെടെ ഇവിടെ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Similar News