കേരളത്തെ നടുക്കിയ കളമശ്ശേരി ബോംബ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് ഒരുമാസം പിന്നിടുന്നു. ഒക്ടോബർ 29ന് രാവിലെ 9.40ഓടെയാണ് യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷൻ നടക്കുന്നതിനിടെ സംറ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. ഒരാൾ സംഭവസ്ഥലത്തുതന്നെ മരിക്കുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റവരിൽ മറ്റ് അഞ്ചുപേർകൂടി വിവിധ ദിവസങ്ങളിലായി മരണത്തിന് കീഴടങ്ങി.
സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകംതന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ കൊടകര പൊലീസിൽ കീഴടങ്ങുകയും അറസ്റ്റിലാകുകയും ചെയ്തു. നേരത്തേ യഹോവയുടെ സാക്ഷി കൂട്ടായ്മയിലെ അംഗമായിരുന്ന താൻ അവരുടെ ആചാരാനുഷ്ഠാനത്തിലെ വിരോധം കൊണ്ടാണ് സ്ഫോടനം നടത്തിയതെന്നാണ് ഇയാളുടെ മൊഴി. സ്ഫോടനത്തിനുപിന്നിൽ ഇയാൾ മാത്രമാണെന്ന മൊഴി അംഗീകരിച്ചാണ് നിലവിൽ പൊലീസ് കുറ്റപത്രം തയാറാക്കുന്നത്.
സ്ഫോടനം നടന്നയുടൻ തന്നെ ചില പ്രത്യേക വിഭാഗങ്ങളെ പ്രതിസ്ഥാനത്ത് നിർത്തിയാണ് ചില മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പ്രചാരണ കോലാഹലം നടത്തിയത്. ഇതോടെ വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളും പറന്നെത്തി. എന്നാൽ, ഉത്തരവാദിത്തം മാർട്ടിൻ ഏറ്റെടുത്തതോടെ ഇവരെല്ലാം രംഗം കാലിയാക്കി. ആറ് നിരപരാധികളുടെ ജീവനെടുത്ത സ്ഫോടനം നടന്ന് ഒരുമാസം പിന്നിടുമ്പോഴും വേദനകളോട് മല്ലിട്ട് ആറുപേർ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരവുമാണ്. സ്ഫോടനം നടന്ന കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെൻറർ ഇപ്പോഴും പൊലീസ് നിയന്ത്രണത്തിലാണ്. ഇത് വിട്ടുകിട്ടാൻ ഉടമ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം പ്രതിയായ മാർട്ടിന്റെ ബന്ധങ്ങളെക്കുറിച്ചും തീവ്രദേശീയതയിലേക്കും സംഘടന വിരോധത്തിലേക്കും നയിച്ച കാരണങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നില്ലെന്ന ആക്ഷേപം വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്. ഇതേസമയം കുറ്റപത്രം നൽകിയതിനുശേഷം ഇതേക്കുറിച്ച് എന്തെങ്കിലും പറയുന്നതാകും ഉചിതമെന്ന് യഹോവയുടെ സാക്ഷികളുടെ പി.ആർ.ഒ പി.എ. പറഞ്ഞു. 13 വർഷത്തോളം സംഘടനയിൽ പ്രവർത്തിച്ച പ്രതി ആറുവർഷത്തോളമായി മാറിനിൽക്കുകയായിരുന്നു. എന്നാൽ, ഇക്കാലങ്ങളിലില്ലാത്ത വിരോധം പെട്ടെന്നെങ്ങനെയുണ്ടായി എന്നത് സംശയാസ്പദമാണ്. പ്രതിയുടെ സഹോദരനും ഭാര്യവീട്ടുകാരും ഇപ്പോഴും സംഘടനയിലുണ്ട്.
സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ പുനരധിവാസം, പരിക്കേറ്റവർക്കുള്ള ചികിത്സ, സംഭവത്തിന് ദൃക്സാക്ഷികളായി മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള കൗൺസലിങ് അടക്കമുള്ള കാര്യങ്ങൾക്കാണ് സംഘടന മുൻതൂക്കം നൽകുന്നത്. സർക്കാർ ഇടപെടൽ തൃപ്തികരമാണ്. എങ്കിലും പ്രാഥമികമായി സംഘടനതന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.