മണ്ഡലം കേന്ദ്രീകരിച്ചുപ്രവർത്തിക്കണം; വയനാട്ടിൽ പ്രിയങ്കയ്ക്ക് ഒരു വീടുവേണം; റായ്ബറേലി മോഡൽ പരി​ഗണനയിൽ

Update: 2024-11-25 04:34 GMT

വിജയത്തിനു പിന്നാലെ വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനുള്ള ആലോചനയിലാണ് വയനാട് നിയുക്ത എം.പി. പ്രിയങ്കാഗാന്ധി. റായ്ബറേലിയിലെ സോണിയാഗാന്ധിയുടെ വീടിനും ഓഫീസിനും സമാനരീതിയിലുള്ള സൗകര്യങ്ങളാണ് പരിഗണനയിൽ. സുരക്ഷാകാരണങ്ങളും കൂടുതൽ ദിവസങ്ങൾ വയനാട്ടിൽ തങ്ങുമെന്നതും പരിഗണിച്ചാണ് വീടന്വേഷിക്കുന്നത്. ജില്ലയിലെ പ്രധാനനേതാക്കളുമായി അനൗപചാരികമായി വീടിനെ സംബന്ധിച്ച അന്വേഷണങ്ങൾ നടന്നു.

രാഹുൽഗാന്ധി എം.പി.യായിരുന്ന സമയത്ത് വയനാട്ടിലെത്തുമ്പോൾ പി.ഡബ്ള്യു.ഡി. റെസ്റ്റ് ഹൗസിലും റിസോർട്ടുകളിലുമായായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്ന പ്രവർത്തകർക്ക് റെസ്റ്റ് ഹൗസിലുൾപ്പെടെ രാത്രികാലങ്ങളിൽ ജോലിചെയ്യാൻ മതിയായ സൗകര്യങ്ങളില്ലെന്നത് പരിമിതിയായിരുന്നു. രാഹുലിനെ അപേക്ഷിച്ച് ദേശീയരാഷ്ട്രീയത്തിൽ ചുമതലകൾ കുറവായതിനാൽ മണ്ഡലം കേന്ദ്രീകരിച്ചുപ്രവർത്തിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. വീടിന്റെ സൗകര്യങ്ങൾക്കൊപ്പം എം.പി. ഓഫീസ്, ഔദ്യോഗിക-പാർട്ടി യോഗങ്ങൾ ചേരാനുള്ള സംവിധാനം, കോൺഫറൻസ് റൂം, ജനങ്ങളുമായി ഇടപഴകുന്നതിനുള്ള പ്രത്യേക ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകണമെന്നാണ് പ്രിയങ്ക സൂചിപ്പിച്ചിരിക്കുന്നത്. റായ്ബറേലിയിലെ സോണിയാഗാന്ധിയുടെ ഓഫീസ് ഏകോപിപ്പിച്ചിരുന്നത് പ്രിയങ്കയായിരുന്നു. ഇതേ സൗകര്യങ്ങൾ വയനാട്ടിലുമുണ്ടാവണമെന്നാണ് ആവശ്യം. കല്പറ്റ കേന്ദ്രീകരിച്ച് ഓഫീസ് വേണമെന്നാണ് താത്പര്യമെന്നും അറിയുന്നു. 

Tags:    

Similar News