കൊറിയർ സർവ്വീസ് എന്ന പേരിലും തട്ടിപ്പ്; മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ വ്യാജ ഫോൺ കോളുകൾ ലഭിച്ചു

Update: 2024-08-30 17:24 GMT

ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്.

വിവിധ മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് ലഭിച്ച ഫോൺകോളിൽ അവരുടെ പേര് വിവരങ്ങൾ അടങ്ങിയ കൊറിയറിൽ നിന്നും എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കണ്ടെത്തി എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. +919228926982, 9225852580 ഈ രണ്ട് നമ്പറുകളിൽ നിന്നുമാണ് മാധ്യമപ്രവർത്തകർക്ക് കോളുകൾ ലഭിച്ചത്. മാധ്യമ പ്രവർത്തകരുടെ വ്യക്തിവിവരങ്ങൾ ചോദിച്ചറിയുന്നതിന് പുറമേ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായി പോലീസും പറയുന്നു.

മാത്രമല്ല വ്യാജ ഐ ഡി ഉപയോഗിച്ച് പോലീസാണെന്ന് ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും പോലീസ് നൽകുന്ന മുന്നറിയിപ്പിലുണ്ട്. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വിഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുകയെന്നും പോലീസ് വ്യക്തമാക്കി.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം വിവരം 1930 ലും www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

Tags:    

Similar News