സൈക്കിൾ മാലിന്യക്കുഴിയിൽ മറിഞ്ഞ് അപകടം; ഒൻപതുവയസുകാരൻ മരിച്ചു

Update: 2023-10-25 08:28 GMT

തൃശൂർ കുന്നത്തുപീടികയിൽ 9 വയസ്സുകാരനെ മാലിന്യ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുപീടികയിൽ റിജോയുടെ മകൻ ജോൺ പോളിന്റെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ കുഴിയിൽ കണ്ടെത്തിയത്. മാലിന്യ കുഴിയിലേക്ക് അബദ്ധത്തിൽ സൈക്കിൾ മറിഞ്ഞതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതായിരുന്നു. പിന്നാലെ നടത്തിയ തിരച്ചലിലാണ് കുട്ടിയുടെ മൃതദേഹം കുഴിയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ പ്ലാസ്റ്റിക് കമ്പനിയിൽ നിന്നുള്ള മാലിന്യം ഒഴുക്കി വിടാനാണ് നാലടി ആഴത്തിൽ കുഴി ഉണ്ടാക്കിയത്. തുറസ്സായ ഈ മാലിന്യ കുഴിയിലേക്ക് അബദ്ധത്തിൽ സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

പ്രദേശത്ത് സമാനമായ വേറെയും കുഴികളുണ്ട്. കൈവരികളോ മറ്റോ ഇല്ലാത്തതാണ് എല്ലാം. കമ്പനിയുടെ മലിനീകരണ നിയന്ത്രണം ബോർഡ് ലൈസൻസ് പുതുക്കാൻ നിർദ്ദേശം നൽകിയിരുന്നതായും നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വികാസ് രാജ് പറഞ്ഞു. പോസ്റ്റ്‌മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക് വിട്ടു നൽകും. നാലാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ജോൺ പോൾ.

Tags:    

Similar News