തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂൺ അവസാനത്തോടെ തന്നെ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. നൂറ് മീറ്റർ ബർത്തിന്റെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. നിലവിൽ തുറമുഖ പ്രവർത്തനത്തിനാവശ്യമായ ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
വലിയ തടസ്സമായി നിന്ന ചുറ്റുമതിൽ നിർമാണം ഇതിനോടകം പൂർത്തിയാക്കി. കുരിശ്ശടി നിൽക്കുന്ന സ്ഥലത്തെ തർക്കം താത്കാലികമായി പരിഹരിച്ചുകൊണ്ടാണ് മതിൽ കെട്ടിയത്. 2965 മീറ്റർ പുലിമുട്ട് മതിയെങ്കിലും 3005 മീറ്ററാണ് ഇതിനോടകം പണിതിരിക്കുന്നത്. 800 മീറ്റർ വേണ്ട ബർത്തിന്റെ 100 മീറ്റർ നിർമാണം മാത്രമാണ് അവശേഷിക്കുന്നത്. തുറമുഖ പ്രവർത്തനത്തിനാവശ്യമായ 31 ക്രെയിനുകൾ ഇതിനോടകം എത്തിച്ചിട്ടുണ്ട്. അവസാന ക്രെയിൻ ജൂലൈയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ട്രയൽ റൺ തുടങ്ങാൻ 28 ക്രെയിൻ മതി.
ബാർജുകളിലെത്തിക്കുന്ന കണ്ടെയിനറുകൾ ഇറക്കിയും കയറ്റിയുമാണ് ട്രയൽ റൺ നടത്തുന്നത്. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവർത്തനം. ട്രയൽ വിജയകരമായാൽ തുറമുഖം ഓണത്തിന് കമ്മീഷൻ ചെയ്യുന്നത് സർക്കാർ ആലോചിക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുറമുഖ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.