15 പേരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചെന്ന് മന്ത്രി; സമ്പർക്കപ്പട്ടിക കണ്ടെത്താൻ പൊലീസിൻറെ സഹായം തേടും
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ പൊലീസ് സഹായം തേടാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിപ അവലോകന യോഗത്തിൽ നിർദേശം നൽകി. ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. എൻ.ഐ.വി. പൂനെയുടെ മൊബൈൽ ടീം സജ്ജമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ടീമും എത്തുന്നുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താൻ കെ.എം.എസ്.സി.എൽ.ന് മന്ത്രി നിർദേശം നൽകി. മന്ത്രിമാരായ വീണാ ജോർജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. ഇന്ന് വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേന്ദ്ര സംഘവും കോഴിക്കോട്ട് സന്ദർശനം നടത്തി വരുന്നുണ്ട്. കേന്ദ്രസംഘം പ്രവർത്തനങ്ങൾ വിലയിരുത്തുകയും പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. നിപ സർവയലൻസിന്റെ ഭാഗമായി ഇന്നലെ പുതുതായി 234 പേരെ ട്രെയിസ് ചെയ്തു. ആകെ 950 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 213 പേരാണ് ഹൈ റിസ്സ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ളത്. 17 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പോസ്റ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചു.