'മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കരുത്, സാമൂഹികസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം നല്‍കി': വി മുരളീധരൻ

Update: 2023-11-13 07:45 GMT

സംസ്ഥാന സർക്കാരിന്റെ ധൂർത്തും അഹന്തയും കാരണം കേരളം വലിയ കടക്കെണിയിലേക്ക് പോകുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളീയവും നവകേരള സദസും നടത്തി വീണ്ടും ധൂർത്ത് നടത്തുന്നു. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രം ഞെരുക്കുന്നു എന്നാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറയുന്ന കണക്കുകളിൽ വ്യത്യാസമുണ്ടെന്ന് മുരളീധരൻ ആരോപിച്ചു.

കേരളത്തിൻ്റെ മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുത്. മണ്ടൻ കളിച്ച് ജനങ്ങളെ മുഖ്യമന്ത്രി കബളിപ്പിക്കരുത്. രാജ്യത്തിലെ നിയമങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ധാരണ ഉണ്ടാവണമെന്ന് വി മുരളീധരൻ പറഞ്ഞു. സാമൂഹികസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം ഒക്ടോബറിൽ നൽകിയിരുന്നു. കേരളം ഇതിനായി 521.95 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ 602.14 കോടി രൂപ കേന്ദ്രം നൽകി. അടുത്ത ഗഡുവിന് അപേക്ഷ നൽകിയിട്ടില്ല. പ്രതിസന്ധിയുണ്ടെങ്കിൽ രണ്ടാം ഗഡുവിന് അപേക്ഷ നൽകാമായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ആദ്യ ഗഡു ചിലവാക്കിയതിന്റെ കണക്ക് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഴാം ശമ്പളപരിഷ്ക്കരണത്തിന്റെ കുടിശിക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 750 കോടി കിട്ടാത്തതിന്റെ കാരണം കേന്ദ്രമല്ല. സംസ്ഥാനം പണം കിട്ടാൻ സമയബന്ധിതമായ അപേക്ഷ നൽകിയില്ല. പണം ലഭിക്കുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അവസാന തിയതി 2022 മാർച്ച് 31 ആയിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അനങ്ങിയില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കുടിശ്ശിക 1925 കോടി ലഭിക്കാത്തത് നിബന്ധന പാലിക്കാത്തതിനാലാണ്. ഹെൽത്ത് ഗ്രാന്റിൽ 174. 76 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. മാനദണ്ഡം പാലിച്ച് അപേക്ഷ നൽകിയാൽ ഗ്രാന്റ് കിട്ടുമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News