ഷഫീഖ് വധശ്രമ കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍: 11 വർഷത്തിനുശേഷം നിർണായക വിധി

Update: 2024-12-20 07:21 GMT

ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിന്‍റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്.

ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് വിധിച്ചത്. തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം.

പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയിൽ വാദിച്ചു. അനീഷക്കെതിരെ 307, ജെജെ ആക്ട പ്രകാരമുള്ള വകുപ്പുളും ചേര്‍ത്തിട്ടുണ്ട്. ഒന്നാം പ്രതി ശരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേൽപ്പിക്കൽ അടക്കം ചുമത്തിയിട്ടുണ്ട്. വൈകാതെ കേസിൽ ഇരു പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും.

പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. വ‍ർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വള‍‍ർച്ചയെ സാരമായി ബാധിച്ചു.

Tags:    

Similar News