'കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം, കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം'; പത്മകുമാറിന്റെ മൊഴി

Update: 2023-12-01 15:01 GMT

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് പിടിയിലായ പത്മകുമാറിന്റെ മൊഴി പുറത്ത്. കുട്ടിയുടെ അച്ഛനോടുളള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. മകളുടെ നഴ്സിം​ഗ് പ്രവേശനത്തിനായി 5 ലക്ഷം നൽകിയിരുന്നു. എന്നാൽ മകൾക്ക് പ്രവേശനം ലഭിച്ചില്ല. മാത്രമല്ല, ആ പണം കുട്ടിയുടെ അച്ഛൻ തിരിച്ചു നൽകിയില്ല. കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്നാൽ പത്മകുമാറിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നും പൊലീസ് വ്യക്തമാക്കി.

സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യാറില്ല. കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ജോലിയില്ല. ഇവർക്ക് ഫാം ഉള്ളതായും നാട്ടുകാർ പറഞ്ഞു. ഇയാൾ രണ്ട് കാറുകളുണ്ട്.  

Tags:    

Similar News