'കേരളത്തിന് സാമ്പത്തിക പാക്കേജ് നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് ആശ്വാസം'; പ്രതിപക്ഷ നേതാവ് കേരളാ വിരുദ്ധൻ, മന്ത്രി പി.രാജീവ്
കേരളത്തിന് സാമ്പത്തിക പാക്കേജ് നൽകാനുള്ള സുപ്രീം കോടതി ഉത്തരവ് ആശ്വാസകരമെന്ന് മന്ത്രി പി രാജീവ്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ഇംഗ്ലീഷിൽ പറയുന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മലയാളത്തിൽ പറയുന്നത്. കേരള വിരുദ്ധതയാണ് ഇവരെ നയിക്കുന്നത്. സിഎഎയുമായി ബന്ധപ്പെട്ട കേന്ദ്ര നടപടി വിഭജനം ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇലക്ടറൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിഎഎ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ സിഎഎയ്ക്ക് വേണ്ടി ഒരു സംവിധാനവും ഏര്‍പ്പെടുത്തില്ല. അപേക്ഷ വന്നാലും അനുകൂല നിലപാട് സര്‍ക്കാര്‍ എടുക്കില്ല. സിഎഎ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചതാണെന്നും കണക്കുകൾ അറിയില്ലെന്നും പി രാജീവ് പറഞ്ഞു.
വാട്ടർ മെട്രോയുടെ അടുത്ത രണ്ട് റൂട്ടുകൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുമെന്ന് മന്ത്രി പി രാജീവ്. സൗത്ത് ചിറ്റൂര്‍ - ചേരാനല്ലൂര്‍ - ഹൈക്കോര്‍ട്ട് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് രണ്ട് റൂട്ടുകൾ. മാര്‍ച്ച് 14 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. പത്തു മാസത്തിൽ 10.5 ലക്ഷം ആളുകൾ മെട്രോയിൽ യാത്ര ചെയ്തു. വാട്ടർ മെട്രോ ലോക ശ്രദ്ധയാര്‍ജ്ജിച്ചു, വിജയകരമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.