സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ; സപ്ലൈകോ 100 കോടി നൽകാനുണ്ടെന്ന് കരാറുകാർ

Update: 2023-12-12 11:00 GMT

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. കുടിശിക മുടങ്ങിയതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വാഹന കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. 100 കോടി രൂപ സപ്ലൈകോ നല്‍കാനുണ്ടെന്നാണ് കരാറുകാരുടെ പരാതി.റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്ന ചരക്കുവാഹനങ്ങള്‍ എറണാകുളം കാക്കനാടുള്ള സെന്‍ട്രല്‍ വെയര്‍ ഹൗസിന് മുന്നില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കകുയാണ്. കുടിശിക നല്‍കി തീര്‍ക്കാതെ ഒരടി മുന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കരാറുകാര്‍.

വാതില്‍പ്പടി വിതരണത്തില്‍ കിട്ടേണ്ടതായ തുകയുടെ 90 ശതമാനവും സെപ്റ്റംബര്‍ മുതല്‍ മുടങ്ങി കിടക്കുയാണ്. അത് ഉടന്‍ അനുവദിക്കുക, ഓരോ മാസത്തേയും റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ബില്ല് നല്‍കിയാല്‍ ബില്ലുതുക ഉടന്‍ നല്‍കുക, ചുമട്ടുതൊഴിലാളി ക്ഷേമവിഹിതം സപ്ലൈക്കോ നേരിട്ട് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ അടയ്ക്കണം, കാലങ്ങളായി സപ്ലൈക്കോ പിടിച്ചുവച്ചിരിക്കുന്ന 10 ശതമാനം തുക ഓഡിറ്റ് പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് കരാറുകാര്‍ക്ക് നല്‍കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സൂചന പണിമുടക്ക് നടത്തിയിട്ടും ഫലമില്ലാതായതോടെയാണ് കരാറുകാര്‍ അനിശ്ചിതകാല സമരത്തിലേക്കിറങ്ങുന്നത്. സമരം തുടര്‍ന്നാല്‍ സപ്ലൈകോ ഔട്ട്ലറ്റുകളിലും റേഷൻകടകളിലും ഭക്ഷ്യധാന്യങ്ങളെത്താതാകുന്നതോടെ റേഷൻ വിതരണം അവതാളത്തിലാകും.

Tags:    

Similar News