ഡെങ്കിപ്പനി വ്യാപന സാധ്യത; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോ​ഗ്യമന്ത്രി

Update: 2024-05-08 13:00 GMT

കേരളത്തിൽ ഇടവിട്ട് മഴ പെയ്യാന്‍ സാധ്യയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കേണ്ടതാണെന്നും തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഉറവിട നശീകരണമാണ് ഡെങ്കി, ചിക്കുന്‍ഗുനിയ, സിക്ക പനികളെ തടയാനുള്ള പ്രധാന മാര്‍ഗം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുക എന്നതാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കുകയും വേണം. മാത്രവുമല്ല പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്, റബ്ബര്‍ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളില്‍ കമിഴ്ത്തി വെക്കുകയോ അവയില്‍ മഴവെള്ളം കെട്ടി നില്‍ക്കാനുള്ള അവസരങ്ങള്‍ ഇല്ലാതെയാക്കുകയോ വേണം.

സ്വന്തം അധീനതയില്‍ അല്ലാത്ത ഇടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍, കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി തൊട്ടടുത്തുള്ള പ്രാഥമിക/ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെയോ മെഡിക്കല്‍ ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആക്രി സാധനങ്ങള്‍ മൂടി സൂക്ഷിക്കുക. ശേഖരിച്ച് വയ്ക്കുന്ന വെള്ളം അടച്ച് സൂക്ഷിക്കുക. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഏകോപിപ്പ് പ്രവര്‍ത്തിക്കണമെന്നും കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗം ചേര്‍ന്ന് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News