സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം: വയനാട്ടിൽ മാവോവാദികള്‍ ലക്ഷ്യമിട്ടത് ഛത്തീസ്ഗഢ് മാതൃകയിലുള്ള ആക്രമണമെന്ന് പോലീസ്

Update: 2024-06-27 03:33 GMT

മാനന്തവാടി മേലേ തലപ്പുഴ കൊടക്കാട് മേഖലയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതില്‍ മാവോവാദികള്‍ ഛത്തീസ്ഗഢ് മാതൃകയില്‍ തണ്ടർബോള്‍ട്ട് സേനാംഗങ്ങളെ ആക്രമിക്കാനൊരുങ്ങിയെന്ന് പോലീസ് നിഗമനം.

ഛത്തീസ്ഗഢിലെ മാവോവാദി മേഖലകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന മാതൃകയിലുള്ള ഐ.ഇ.ഡി. (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് മക്കിമല കൊടക്കാടും കണ്ടെത്തിയത്. കുഴിബോംബ് സ്ഥാപിച്ച്‌ ഇലക്‌ട്രിക് വയറുകള്‍ മീറ്ററുകളോളം ഘടിപ്പിച്ച്‌ ദൂരെനിന്ന് നിയന്ത്രിക്കുന്നതാണ് മാവോവാദി ശക്തിമേഖലകളില്‍ പതിവ്. കഴിഞ്ഞദിവസം ഛത്തീസ്ഗഢില്‍ മലയാളിജവാൻ തിരുവനന്തപുരം സ്വദേശി ആർ. വിഷ്ണുവിന്റെ മരണത്തിനിടയാക്കിയതും ഐ.ഇ.ഡി. സ്ഫോടനമായിരുന്നു. സമാനരീതിയിലുള്ള ആക്രമണത്തിന് മാവോവാദികള്‍ തയ്യാറെടുത്തുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ആന്ധ്രയില്‍ പിടിയിലായ മാവോവാദി നേതാവിനെ ചോദ്യംചെയ്തതില്‍ കബനീദളത്തിന്റെ നേതൃത്വത്തില്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചതായി സൂചനയുണ്ടായിരുന്നു. വലിയ ഇരുമ്ബുപൈപ്പുകള്‍, ഇലക്‌ട്രിക് വയറുകള്‍, സ്ഫോടനവസ്തുക്കള്‍ നിർമിക്കുന്നതിനാവശ്യമായ വെടിമരുന്ന്, ആക്രമണത്തില്‍ കൂടുതല്‍ പരിക്കേല്‍ക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ട് ഇരുമ്ബാണികള്‍ ഉള്‍പ്പെടെയുള്ളവവലിയതോതില്‍ സംഭരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് ശരിവെക്കുന്നതരത്തിലുള്ള കുഴിബോംബാണ് കൊടക്കാട് കണ്ടെത്തിയതും. തീവ്രപ്രഹരശേഷിയുള്ളതായിരുന്നു ബോംബെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

2014 മുതലുള്ള മാവോവാദികളുടെ രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമായാണ് ആക്രമണത്തിനൊരുങ്ങിയത്. കബനീദളത്തിലെ സ്ഫോടകവസ്തുനിർമാണത്തില്‍ വിദഗ്ധനായ ചന്തുവിന്റെ നേതൃത്വത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും ഇതിനിടെ അദ്ദേഹം ചപ്പാരത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് പിടിയിലാവുകയായിരുന്നു. ഇതോടെ നിലച്ച പദ്ധതി പുതുതായി സന്തോഷ് കൂടി കബനീദളത്തില്‍ ചേർന്നതോടെ സജീവമാക്കിയെന്നാണ് പോലീസിന്റെ നിഗമനം.

കുഴിബോബ് പരിശോധിച്ചതില്‍ തമിഴില്‍ ഡിറ്റണേറ്റര് എന്നെഴുതിയിട്ടുണ്ട്. ഇത് തിരുച്ചിറപ്പള്ളിയിലെ (ട്രിച്ചി) വെട്രിവേല്‍ എക്സ്പ്ലോസീവ് എന്ന കടയില്‍നിന്ന്വാങ്ങിയതാണ് ഡിറ്റനേറ്ററെന്നാണ് സംശയിക്കുന്നത്. ജനവാസമേഖലയില്‍നിന്ന് വനത്തിലേക്ക് ആദിവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തണ്ടർബോള്‍ട്ട് സേനാംഗങ്ങളും കയറുന്ന ഭാഗത്തുതന്നെയാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടുള്ളത്. ഈ പശ്ചാത്തലമെല്ലാം പരിഗണിച്ചുകൊണ്ടാണ് ആക്രമണത്തിനൊരുങ്ങിയത് മാവോവാദികളാണെന്ന് പോലീസ് പറയുന്നത്. എന്നാല്‍, മാവോവാദികളുടെ ഭാഗത്തുനിന്നും തങ്ങളാണ് ആക്രമണത്തിന് ഒരുങ്ങിയതെന്ന സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Tags:    

Similar News