പന്തീരങ്കാവ് സ്ത്രീധന പീഡന കേസ്: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

Update: 2024-05-16 01:02 GMT

പന്തീരങ്കാവ് സ്ത്രീധന പീഡന കേസിലെ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പെൺകുട്ടിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. അതിനിടെ കേസിലെ പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി പത്ത് മണി വരെ നീണ്ടു. നവ വധു, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മർദ്ദിച്ച് പരിക്കേൽപ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താൻ ശ്രമിച്ചതും അടക്കം ഭർത്താവിൻറെ കൊടും ക്രൂരതകൾ പെൺകുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു. പന്തീരങ്കാവിലെ രാഹുലിൻറെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ ഉണ്ടായ അനുഭവമടക്കമുള്ള കാര്യങ്ങൾ മാതാപിതാക്കളും പൊലീസിനോട് വിശദീകരിച്ചു. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി എബ്രഹാം പറഞ്ഞു.

Tags:    

Similar News