പാലക്കാട് ബ്രൂവറി; 'പദ്ധതി കൊണ്ടുവരരുത്': സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്
പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു പറഞ്ഞു.
26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണ് കമ്പനി ഈ സ്ഥലം വാങ്ങിയത്. ഇന്ന് രാവിലെയാണ് പദ്ധതി വരുന്നതിനെ കുറിച്ചുള്ള വിവരം കൃത്യമായി അറിഞ്ഞതെന്ന് രേവതി ബാബു പറഞ്ഞു. പഞ്ചായത്തിലെ ആറാം വാർഡിലെ മണ്ണക്കാട് പ്രദേശത്താണ് ബ്രൂവറി വരുന്നതെന്ന് അറിയുന്നത്. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് അനുമതിക്കായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്.
എന്നാൽ ആറു മാസം മുമ്പ് വ്യവസായ വകുപ്പിൽ നിന്ന് ഓൺലൈനായി ഇക്കാര്യം ചോദിച്ചിരുന്നുവെന്നും നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ഓൺലൈൻ യോഗത്തിൽ ചോദിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞിരുന്നു. പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ പദ്ധതി തുടങ്ങാനാവില്ല. എന്നാൽ വ്യവസായ വകുപ്പ് മുഖേന ലൈസൻസ് എടുത്ത് ചെയ്യുമ്പോൾ ഓട്ടോമാറ്റികായി അനുമതി ലഭിക്കും. 3 വർഷത്തിനകം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് അറിവെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നു.
പദ്ധതി വരുന്നത് നാട്ടുകാരെ ബാധിക്കുന്ന പ്രശ്നമാണ്. കൃഷിക്ക് വെള്ളം കിട്ടാതെ കനാൽ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ഗ്രൗണ്ട് വാട്ടർ ലെവൽ കുറയുകയാണെങ്കിൽ ഇത് പഞ്ചായത്തിനെ തന്നെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കും. പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കും. ഇങ്ങനെയൊരു പദ്ധതി ഇവിടെ വേണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസ് ആണ് ബ്രൂവറിയുമായി മുന്നോട്ട് പോവുന്നത്. ഇത് അനുവദിക്കാനുള്ള തീരുമാനത്തിൽ വലിയ അഴിമതി ഉണ്ടെന്ന് പ്രതിപക്ഷം പറയുന്നു. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിച്ചതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.