പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ തീരുമാനം; എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ കറവപശുവാണെന്ന് ചെന്നിത്തല

Update: 2025-01-18 05:17 GMT

പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല. എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ കറവപശുവാണ്. 1999 ൽ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കി. കഞ്ചിക്കോട് ബോട്ട് ലിങ് പ്ലാൻ്റും ഡിസ്റ്റലറിയും തുടങ്ങാൻ മന്ത്രിസഭ അംഗീകാരം നല്‍കി. കുത്തക കമ്പനിയ്ക്ക് അനുമതി നൽകി. രാജഭരണ കാലത്ത് പോലും നടക്കാത്തതാണിത്. കേരളത്തിന്‍റെ വാതായനങ്ങൾ മദ്യക്കമ്പനികൾക്ക് തുറന്നു കൊടുത്തു. ടെൻഡർ പോലും വിളിക്കാതെയാണ് ഒയാസിസ് കമ്പനിയ്ക്ക് അനുമതി നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.

കുടിക്കാൻ തുള്ളി വെള്ളമില്ലാത്ത സ്ഥലമാണ് കഞ്ചിക്കോട്. വലിയ സമരം ചെയ്തു കൊക്കോള കമ്പനി പൂട്ടിച്ചു. എലപ്പുള്ളി പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ് ആണ്. അവര്‍ അനുമതി നൽകില്ല. പ്രതിവർഷം അഞ്ചു കോടി ലിറ്റർ വെള്ളം കമ്പനിക്ക് വേണം. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണിത്. ഭരണം തീരുംമുമ്പുള്ള കടുംവെട്ടാണ് സി.പി.എമ്മിന്‍റേത്. പദ്ധതിക്കെതിരെ ശക്തമായ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു,

Tags:    

Similar News