പാറശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാവില്ല. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക.
വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം വ്യക്തമല്ല. ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ എത്തിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷസംബന്ധിച്ച വാദം കോടതി കേള്‍ക്കും. പ്രോസിക്യൂഷനും തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ അവസരം നല്‍കിയേക്കും.
ആണ്‍സുഹൃത്തായ മുര്യങ്കര ജെ.പി. ഹൗസില്‍ ജെ.പി. ഷാരോണ്‍ രാജി(23)നെ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീറാണ് ശിക്ഷ വിധിക്കുന്നത്. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.