കേരളീയം 2023ന് തലസ്ഥാന നഗരിയിൽ വർണാഭമായ സമാപനം; എല്ലാ വർഷവും കേരളീയം നടത്തുമെന്ന് മുഖ്യമന്ത്രി

Update: 2023-11-07 15:42 GMT

ഏഴ് ദിവസം നീണ്ട് നിന്ന കേരളീയം 2023ന് വർണാഭമായ സമാപനം. സമ്മേളനത്തിന്റെ സമാപന വേദിയിൽ കേരളീയത്തെ വിമർശിച്ചവർക്ക് മുഖ്യമന്ത്രി മറുപടി നൽകി.കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും ഇത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനാണ് കേരളീയത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.

ഐക്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. കേരളീയത്തിനെതിരായി ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് പരിപാടിയുടെ നെഗറ്റീവായ വശങ്ങളെക്കുറിച്ചായിരുന്നില്ല. നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടല്ലോ എന്ന ചിന്തയാണ് വേണ്ടത്. ഇക്കാര്യം ജനങ്ങള്‍ കൃത്യമായി മനസിലാക്കി പരിപാടി വലിയ വിജയമാക്കി.നെഗറ്റീവ് വശങ്ങള്‍ അല്ല അവതരിപ്പിക്കപ്പെട്ടത്. യുവനജങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായി.കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്.പലസ്തീൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് എടുക്കാനാവില്ല. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണ്. കേരളീയത്തിലെ സെമിനാറുകള്‍ മുന്നോട്ട് വച്ചത് സർക്കാർ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സൂചനകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Similar News