നടപടിക്രമങ്ങൾ പാലിക്കുന്നതിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച വരുത്തിയതിനു സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിക്കു നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്‍റ്റിങ് ആൻഡ് കാലിബ്രേഷൻ (എൻഎബിഎൽ) അംഗീകാരം (അക്രഡിറ്റേഷൻ) നഷ്ടമായി.
4 മാസം വരെ ഈ വിവരം രഹസ്യമാക്കി വച്ച ഫൊറൻസിക് ലാബ് അധികൃതർ, അംഗീകാരം നഷ്ടമായ വിവരം മറച്ചുവച്ച് എൻഎബിഎല്ലിന്റെ ലോഗോ ഉപയോഗിച്ച് ഇക്കാലയളവിൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകൾ വിവിധ കോടതികൾക്കു കൈമാറിയതും വിവാദത്തിൽ. എൻഎബിഎല്ലിന്റെ അംഗീകാരം നഷ്ടമായാൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകളുടെ ആധികാരികതയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെടുക എന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ പരിശോധനാ റിപ്പോർട്ടുകളിൽ എൻഎബിഎൽ ലോഗോ ഉപയോഗിക്കാൻ പാടില്ലെന്ന് ഫൊറൻസിക് ലാബ് ഡയറക്ടർ ലാബിലെ എല്ലാ ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകി.
കേരളത്തിലെ ആദ്യ എൻഎബിഎൽ അക്രഡിറ്റേഷൻ അംഗീകാരമുള്ള ലാബ് എന്ന അംഗീകാരം 2020 ഒക്ടോബർ 19 നാണ് ആഭ്യന്തര വകുപ്പിനു കീഴിലുള്ള തലസ്ഥാനത്തെ സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിക്കു ലഭിച്ചത്. രാജ്യാന്തര നിലവാരത്തിൽ ലബോറട്ടറി പ്രവർത്തിക്കുന്നുണ്ടോ, പരിശോധനകൾക്ക് ആവശ്യമായ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിച്ച് അംഗീകാരം നൽകുന്ന ഏജൻസിയാണ് എൻഎബിഎൽ.
കഴിഞ്ഞ വർഷം ഒക്ടോബർ 18 വരെയായിരുന്നു ഫൊറൻസിക് ലാബിനു ലഭിച്ച എൻഎബിഎൽ അംഗീകാരത്തിന്റെ കാലാവധി.
നാലു നിലകളുള്ള ഫൊറൻസിക് ലാബ് ആസ്ഥാന മന്ദിരത്തിൽ എല്ലാ നിലകളിലും സ്ത്രീകൾക്കും പുരുഷൻമാർക്കും ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അടിയന്തരമായി സജ്ജമാക്കണമെന്നു നിർദേശിച്ചു ഫൊറൻസിക് ലാബ് ഡയറക്ടർക്ക് എൻഎബിഎൽ അധികൃതർ കത്തും നൽകി. ഒരു മാസം അധിക സമയം ഇതിനായി അനുവദിച്ചെങ്കിലും ഇതു പ്രാവർത്തികമാക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ലബോറട്ടറിക്കു കഴിഞ്ഞ വർഷം ഒക്ടോബറിൽ എൻഎബിഎൽ അംഗീകാരം നഷ്ടപ്പെട്ടു.
അക്രഡിറ്റേഷൻ പുതുക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണെന്നു ഫൊറൻസിക് ലാബ് ഡയറക്ടർ കെ.പ്രദീപ് സജി പറഞ്ഞു.