കളമശേരി ബോംബ് സ്ഫോടനം; ചില മാധ്യമങ്ങളും പൊലീസും ഒരു സമുദായത്തിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിച്ചു

Update: 2023-10-31 10:00 GMT

കളമശ്ശേരി സ്‌ഫോടനം കേരളാ പൊലീസും ചില മാധ്യമങ്ങളും ചേർന്ന് ഒരു സമുദായത്തിന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചെന്ന് മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. അത് മഹാപാതകമാണെന്നും അത്തരം കാര്യങ്ങളിൽ നിന്ന് മാധ്യമങ്ങൾ മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങൾക്കിടയിൽ അപസ്വരമുണ്ടാകുന്നത് തടയാൻ ബാധ്യസ്ഥനായ കേന്ദ്രമന്ത്രി ഒരു സംശയവുമില്ലാതെ ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്നും

കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നത് ഇന്ത്യയുടെ ദൗർഭാഗ്യമാണെന്നും അദ്ദേഹം വിമർശിച്ചു. അദ്ദേഹമിരിക്കുന്ന സ്ഥാനത്തോട് പ്രതിബദ്ധത കാണിക്കേണ്ടിയിരുന്നുവെന്നും കുറ്റവാളികൾ ഏത് സമുദായമായാലും ജാതിയായാലും ശിക്ഷിക്കപ്പെടണമെന്നും പിഎംഎ സലാം വ്യക്തമാക്കി. ബിജെപി അവരുടെ മനസ്സിലിരിപ്പാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എം.വി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പറഞ്ഞത് കൂട്ടിക്കുഴക്കുരുതെന്നും തെറ്റ് ചെയ്തവർ കേന്ദ്രമന്ത്രിയായാലും രാഷ്ട്രപതിയായാലും ഏത് രാഷ്ട്രീയക്കാരായാലും കേസെടുക്കണമെന്നും ശിക്ഷിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസ് രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായി ഒതുക്കാൻ ശ്രമിച്ചാൽ യുഡിഎഫ് പ്രതികരിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

കളമശ്ശേരിയിൽ നടന്നത് സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണെന്നും ദൈവാനുഗ്രഹത്താൽ പ്രതി വേഗത്തിൽ കീഴടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാനായിക്കുളം കേസിൽ സുപ്രിംകോടതി വെറുതെ വിട്ടവർക്കെതിരെ പൊലീസ് നടപടിയുണ്ടായെന്നും അവരും കേന്ദ്രമന്ത്രിയും പ്രവർത്തിച്ചത് ഒരേ മുൻവിധിയോടെയാണെന്നും സലാം വിമർശിച്ചു. 

Tags:    

Similar News