ജെഎൻ 1 കേരളത്തിലും; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

Update: 2023-12-17 04:01 GMT

ലോകത്ത് നിലവില്‍ കൂടുതല്‍ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1ആണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍. INSACOG പഠനത്തില്‍ ആണ് കേരളത്തില്‍ ഒമിക്രോണ്‍ ജെഎൻ 1 കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യമാണ് INSACOG.

ലോകത്ത് പടര്‍ന്ന് പിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലാണ് എന്നുള്ളതാണ് ഈ വകഭേദത്തെ അപകടകാരിയാക്കുന്നത്. ഒമിക്രോണിന്‍റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. കേസുകള്‍ കുറഞ്ഞതോടെ രാജ്യത്ത് കൊവിഡ് വൈറസുകളുടെ ജനിതക വ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു. ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഏറിയ പങ്കും ജെഎൻ 1 വകഭേദം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് സംസഥാനത്തും ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകളുടെ ഫലം വരുന്നതേയുള്ളൂ. നേരത്തെ ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലെത്തിയ യാത്രക്കാരനില്‍ ജെഎൻ 1 കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരുന്ന എക്സ് ബി ബി വകഭേദത്തെ അപേക്ഷിച്ച്‌ ജെഎൻ ഒന്നിന് വ്യാപനശേഷി കൂടുതലാണ്. വാക്സീസിനിലൂടെയോ, ഒരിക്കല്‍ രോഗം വന്നത് കൊണ്ടോ ആര്‍ജ്ജിച്ചെടുത്ത പ്രതിരോധശേഷിയെ ജെഎൻ1 മറികടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനങ്ങളെന്ന് ഐഎംഎ കേരള റിസേര്‍ച്ച്‌ സെല്‍ ചെയര്‍മാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.

നവംബര്‍ മുതല്‍ കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഐഎംഎയുടെ കണക്കുകള്‍ പ്രകാരം നവംബറില്‍ ഇൻഫ്ലുവൻസ വൈറസ് ബാധ സംശയിച്ച്‌ ടെസ്റ്റ് ചെയ്ത് ഫ്ലൂ നെഗറ്റീവായവരില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴ് ശതമാനം പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. ഒക്ടോബര്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇത് ഒരു ശതമാനമായിരുന്നു.

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1324 പേര്‍ കൊവിഡ് ബാധിച്ച്‌ ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. വ്യാപന ശേഷി കൂടുതലായ ജെഎൻ 1 പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേരളം ജാഗ്രത കടുപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

Tags:    

Similar News