കേരളത്തിലെ മലയോര ജില്ലകളിൽ മനുഷ്യ-വന്യജീവി സംഘർഷം; ഹർജിയുമായി പി.വി അൻവർ സുപ്രീം കോടതിയിൽ
കേരളത്തിലെ മലയോര ജില്ലകളിൽ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയ്യാറാക്കുന്നതിനായി കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അൻവർ എം.എൽ.എ സുപ്രീംകോടതിയെ സമീപിച്ചു. വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക ഫണ്ട് രൂപീകരിക്കാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹർജിയിൽ പി.വി അൻവർ ആവശ്യപെട്ടിട്ടുണ്ട്.
അൻവറിന്റെ ഹർജിയിലെ പ്രധാന ആവശ്യം തന്നെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയ്യാറാക്കുന്നതിന് സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ്. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരിക്കണം കർമപരിപാടി തയ്യാറാക്കേണ്ടതെന്നും ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് നാഷണൽ കോര്പസ് ഫണ്ട് രൂപീകരിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനാണ് നിലമ്പൂർ എം.എൽ.എയുടെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.