സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങി ; പണം പിൻവലിക്കുന്നതിൽ നിയന്ത്രണം

Update: 2024-03-04 13:48 GMT

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ പോരിനുമാണ് ഇടയാക്കിയത്.ശമ്പളം മുടങ്ങി നാലാം ദിനമായ ഇന്ന് ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ശമ്പളത്തിനും പെൻഷനും മാത്രമല്ല, ട്രഷറി നിക്ഷേപങ്ങള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം പിൻവലിക്കാവുന്ന തുക അൻപതിനായിരമാണ്.

ഒന്നും രണ്ടും പ്രവര്‍ത്തി ദിവസം ശമ്പളമെത്തേണ്ടവര്‍ക്കാണ് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടുകളിൽ നിന്ന് അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുന്നുണ്ട്. മൂന്നാം പ്രവര്‍ത്തി ദിനത്തിലും അതിന് ശേഷവും ശമ്പളം കിട്ടുന്നവര്‍ക്ക് ആനുപാതികമായി ശമ്പളം ഇനിയും വൈകും.

പ്രതിദിനം പിൻവലിക്കാനാകുക 50000 രൂപ മാത്രമാണ്. ഒരുമിച്ച് പണം പിൻവലിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസം മറികടക്കാനുള്ള താൽകാലിക ക്രമീകരണമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും പണമില്ലാത്തത് തന്നെയാണ് പ്രശ്നം. സാമ്പത്തിക വര്‍ഷാവസാനം ഓവര്‍ ഡ്രാഫ്റ്റിലാകാതെ പരമാവധി ദിവസം ട്രഷറിയെ പിടിച്ച് നിർത്താനുള്ള ക്രമീകരണം ആയത് കൊണ്ട് ട്രഷറി ഇടപാടുകൾക്കും കര്‍ശന നിയന്ത്രണമുണ്ട്.

പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നാണ് ധനമന്ത്രി ആവർത്തിച്ചുവിമർശിക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം കനക്കുകയും ചെയ്തു. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നടത്തുന്ന അനിശ്ചിത കാല നിരാഹാരസമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.

Tags:    

Similar News