കേരളത്തിൽ ഇന്നും ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യത
കേരളത്തിൽ ഇന്നും പരക്കെ ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പകൽ സമയങ്ങളിൽ സാധാരണയേക്കാൾ താപനില ഉയരാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടെ മഴ തുടരും. നാളെ വയനാട് ജില്ലയിലും, 29 ന് പാലക്കാടും, 30 ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മില്ലി മീറ്ററും വെള്ളായണി മേഖലയിൽ 15 മിനിറ്റിൽ 9.5 മില്ലി മീറ്ററും മഴ ലഭിച്ചു.