പാലക്കാട് പനയമ്പാടത്തെ അപകടം ; മരണം നാലായി , സ്ഥിരമായി അപകടം നടക്കുന്ന മേഖലയെന്ന് നാട്ടുകാർ

Update: 2024-12-12 12:11 GMT

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടർ അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എന്നാൽ പരിഹാരം നൽകാമെന്ന പൊലീസിൻ്റെ വാക്കുകളൊന്നും നാട്ടുകാർ മുഖവിലക്കെടുക്കാതെ പ്രതിഷേധം തുടരുകയാണ്. ജനപ്രതിനിധികൾ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലക്കാട് കരിമ്പാ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ 2022 ൽ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ൽ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിൻ്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവില്ലെന്നതാണ് വസ്തുത. 

Tags:    

Similar News