വെൺപാലവട്ടം മേൽപ്പാലത്തിലെ അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തു

Update: 2024-07-02 07:32 GMT

വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം കോവളം നെടുമം വയലിൻകര വീട്ടിൽ സിമിയാണ് (34) മരിച്ചത്. മകൾ ശിവന്യ, സഹോദരി സിനി (32) എന്നിവർക്കാണ് പരിക്കേറ്റത്. സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. കൊല്ലത്ത് മയ്യനാട്ട് അടുത്ത ബന്ധുവിന്റെ ശവസംസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു മൂവരും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണ സംഭവമുണ്ടായത്. കഴക്കൂട്ടം- കോവളം ബൈപ്പാസിലെ വെൺപാലവട്ടം മേൽപ്പാലത്തിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് പാർശ്വഭിത്തിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഉയർന്നുപൊങ്ങി മൂവരും രണ്ടടി പൊക്കമുള്ള പാർശ്വഭിത്തിക്ക് മുകളിലൂടെ താഴേക്ക് വീണു. സിമി സർവീസ് റോഡിൽ തലയിടിച്ചാണ് വീണത്. ഹെൽമറ്റ് തെറിച്ചുപോയി. സിനി റോഡിനോട് ചേർന്നുള്ള ഓടയിലേക്കും ശിവന്യ സിമിയുടെ മുകളിലേക്കും വീണു. സ്‌കൂട്ടർ മേൽപ്പാലത്തിൽതന്നെയാണ് പതിച്ചത്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സിമിയെ രക്ഷിക്കാനായില്ല.

Tags:    

Similar News