കള്ളക്കടൽ പ്രതിഭാസം ; കേരള തീരത്ത് വ്യാപക കടൽക്ഷോഭം

Update: 2024-05-05 13:33 GMT

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരളതീരത്ത് വ്യാപക കടൽക്ഷോഭം. തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും വിവിധ ഇടങ്ങളിൽ കടൽ കരയിലേക്ക് കയറി. പലയിടങ്ങളിലും തീരദേശം വഴിയുള്ള ഗതാഗതം താറുമാറായി. തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.

ഇന്നലെ രാത്രിയോടെ തുടങ്ങിയ കടൽക്കലിയിൽ നട്ടംതിരിയുകയാണ് തീരദേശ മേഖല. തിരുവനന്തപുരത്ത് പൊഴിയൂർ മുതൽ വർക്കല വരെയുള്ള തീരദേശ മേഖലയിലെ വിവിധ ഇടങ്ങളിൽ കടൽ കരയിലേക്ക് കയറി. നിരവധി വീടുകളിലേക്കും കടൽ ഇരച്ചെത്തി.

ഒന്നര മീറ്ററിൽ അധികം ഉയരത്തിലാണ് തിരമാല ഉയർന്നുപൊങ്ങുന്നത്. അഞ്ചുതെങ്ങ് പൂത്തുറയിൽ റോഡിലേക്ക് കടൽ കയറിയതോടെ വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. 20ലധികം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.

ആലപ്പുഴ ആറാട്ടുപുഴ - തൃക്കുന്നപ്പുഴ പ്രദേശത്ത് കടൽ കരയിലേക്ക് കയറി നാശനഷ്ടമുണ്ടാക്കി. കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിലും രൂക്ഷമായ കടൽക്ഷോഭമാണ്. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലും കടൽ കരയിലേക്ക് കയറി.

തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന യാനങ്ങളും മറ്റും സുരക്ഷിതമായി മാറ്റണമെന്നും അധികൃതർ ഒന്ന് അറിയിപ്പ് നൽകി.

Tags:    

Similar News