പെരുമ്പാവൂര്‍ ജിഷ വധക്കേസ്; പ്രതിക്ക് വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വിധി തിങ്കളാഴ്ച

Update: 2024-05-18 13:13 GMT

പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. സർക്കാരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കൂടാതെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്ന് തന്നെ വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയാണ് അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിൽ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷ ക്രൂരമായി കൊല്ലപ്പെടുന്നത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്. തുടർന്ന് വിചാരണയ്ക്കൊടുവിൽ അമീറുള്‍ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

അമീറുല്‍ ഇസ്ലാമിന്റെ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈകോടതിയുടെ അനുമതി ആവശ്യമാണ്. ഇത് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.

Tags:    

Similar News