പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ സർക്കാർ പോര് അതിൻറെ ഉച്ഛസ്ഥായിയിൽ നിൽക്കുന്നതിനിടയിലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോട് കൂടിയാണ് സമ്മേളനത്തിൻറെ തുടക്കം. ഗവർണർ 8.50 ഓടെ നിയമസഭയ്ക്ക് മുന്നിലെത്തും.മുഖ്യമന്ത്രിയും സ്പീക്കറും, പാർലമെൻററികാര്യ മന്ത്രിയും ചേർന്നാണ് ഗവർണറെ സ്വീകരിക്കേണ്ടത്.
പുതിയ മന്ത്രിമാരുടെ സതൃപ്രതിജ്ഞ വേദിയിലെ ദൃശ്യങ്ങൾ മലയാളികൾ മറന്നിട്ടില്ല. മുഖ്യമന്ത്രിയോട് മുഖം തിരിച്ച ഗവർണറുടെ ഇന്നത്തെ നീക്കങ്ങൾ സർക്കാരും ഉറ്റ് നോക്കുന്നുണ്ട്. മുഖ്യമന്ത്രി ബൊക്കെ നൽകി സ്വീകരിക്കുമ്പോൾ ഗവർണറുടെ പ്രതികരണം എന്തായിരിക്കും എന്ന ആകാംഷ സർക്കാരിനുണ്ട്. കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഗവർണർ വായിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വിട്ട് കളഞ്ഞാലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മുഴുവനായി സഭാ രേഖയുടെ ഭാഗമാകും.നയപ്രഖ്യാപനം കഴിഞ്ഞ് 29 ന് വീണ്ടും സഭ സമ്മേളനം ചേരുന്നതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിൻരെ കേരളത്തിലെ കേളികൊട്ടിന് തുടക്കമാകും.പ്രതിപക്ഷത്തിന് മുന്നിൽ വിഷയങ്ങൾ നിരവധി.
കേന്ദ്രത്തിനെതിരായ സമരത്തിൽ പ്രതിപക്ഷം വിട്ട് നില്ക്കുന്നതായിരിക്കും സർക്കാരിൻറെ പിടിവള്ളി.യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദം ഭരണപക്ഷത്തിനുള്ള ബോണസാണ്. എന്തായാലും മാർച്ച് 27 വരെ നീണ്ട് നിൽക്കുന്ന സമ്മേളനം ലോക്‌സഭ തെരഞ്ഞെടുപ്പിൻറെ മുന്നണികളുടെ രാഷ്ട്രീയ പ്രചരണത്തിൻറെ തുടക്കമാകും..ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്.ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റായത് കൊണ്ട് ക്ഷേമപെൻഷൻ വർധിപ്പിക്കുന്നത് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്.കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ നേരിടുന്ന വലിയ വെല്ലുവിളി.