പുത്തൻ പ്രതീക്ഷകളുമായി ഇന്ത്യയിൽ പുതുവർഷം പിറന്നു; നാടെങ്ങും ആഘോഷ ലഹരിയിൽ, കേരളത്തിൽ എങ്ങും ആഘോഷം

Update: 2023-12-31 18:44 GMT

പുതിയ പ്രതീക്ഷകളുമായി ഇന്ത്യയിൽ 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. രാജ്യത്തെ പ്രധാന ന​ഗരങ്ങളായ ഡൽഹി, മുംബൈ, ബെം​ഗളൂരു, ചെന്നൈ, എന്നിവിടങ്ങളിൽ ആളുകൾ ആഘോഷവുമായി രം​ഗത്തിറങ്ങി. ഷിംലയിൽ ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ​ഗോവയിലും ആഘോഷം പൊടിപൊടിച്ചു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ന​ഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു.

പ്രധാന ന​ഗരങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾക്കിടെയാണ് ആഘോഷം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. പാട്ടും ഡാന്‍സുമൊക്കെയാണ് ആഘോഷിക്കുകയാണ് ജനങ്ങള്‍. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകൾ തിങ്ങി നിറഞ്ഞു. അലങ്കാര ദീപങ്ങളാല്‍ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുമാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേറ്റത്. ആഭ്യന്തര-വിദേശ സഞ്ചാരികളായ ആയിരങ്ങളാണ് കോവളത്ത് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.

പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഫിജി,ജപ്പാൻ,സൌത്ത് കൊറിയ, നോർത്ത് കൊറിയ, ചൈന, ഹോങ്കോങ്, തുടങ്ങി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം.

കിരിബാത്തി ദ്വീപിലും ഇതിനുപിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തിയതിന് പിന്നാലെ ആഘോഷങ്ങളും തുടരുകയാണ്. ലോകത്തെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നാണ് കിരിബാത്തി. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറു ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി. കിരിബാത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഏകദേശം 1,20,000 ആളുകള്‍ താമസിക്കുന്ന ഈ രാജ്യം തെങ്ങിന്‍ തോപ്പുകള്‍ക്കും മത്സ്യഫാമുകള്‍ക്കും പേരുകേട്ടതാണ്. പുതുവത്സരാഘോഷ തിമിര്‍പ്പിലാണിപ്പോള്‍ കിരിബാത്തി ദ്വീപിലുള്ളവര്‍. 

Tags:    

Similar News