കടല്‍ക്കുതിരകളെ എന്തിനാണ് ഉപയോഗിക്കുന്നത്; ബംഗളൂരുവില്‍ പിടികൂടിയത് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 6,626 കടല്‍ക്കുതിരകളെ

Update: 2024-08-09 13:50 GMT

കടല്‍ക്കുതിരകളെ മനുഷ്യന്‍ എന്തിനാണ് ഉപയോഗിക്കുന്നത്..? തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ ഉണക്കിയ കടല്‍ക്കുതിരകള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്രധാനമായും പരമ്പരാഗത മരുന്നുകള്‍, അക്വേറിയങ്ങള്‍ക്കുള്ള അലങ്കാരങ്ങള്‍ എന്നിവയ്ക്കാണു കടല്‍ക്കുതിരകളെ ഉപയോഗിക്കുന്നത്. സമീപകാലത്തുനടന്ന ഏറ്റവും വലിയ കടല്‍ക്കുതിര കടത്താണ് കര്‍ണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിലെ വിമാനത്താവളത്തില്‍ പിടികൂടിയത്.

6,626 കടല്‍ക്കുതിരകളെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവത്തില്‍ മൂന്നു തമിഴ്‌നാട് സ്വദേശികള്‍ പിടിയിലാകുകയും ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്നാണു മൂവരെയും പിടികൂടിയത്.

ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയനിലയില്‍ 6,626 കടല്‍ക്കുതിരകളെ കണ്ടെത്തുകയായിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ കടല്‍ക്കുതിര വേട്ടയാണിത്. മുംബൈ വഴി സിങ്കപ്പൂരിലേക്ക് പോകാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. കടല്‍ക്കുതിരകളെ കടത്തുന്ന കള്ളക്കടത്ത് ശൃംഖലയെയാണ് തകര്‍ത്തതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടത്തുസംഘത്തിലെ പ്രധാന വ്യക്തികളിലൊരാളും പിടിയിലായെന്നും കടത്ത് ഏകോപിപ്പിക്കുന്നതില്‍ ഇയാള്‍ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കടല്‍ക്കുതിരകളെ വേട്ടയാടുന്നതും ശേഖരിക്കുന്നതും വ്യാപാരം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഇവയെ പിടികൂടുന്നതും വില്‍ക്കുന്നതും ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Tags:    

Similar News