ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകൾ അറിയാം

Update: 2024-07-22 09:42 GMT

വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ട് വ്യത്യസ്‌തമാണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകൾ. വിവാഹബന്ധത്തിന് അത്യാവശ്യം വേണ്ട സ്‌നേഹവും ഒത്തൊരുമയും എല്ലാം പരീക്ഷിക്കുന്നതാണ് ചില ആചാരങ്ങളെങ്കിൽ മറ്റ് ചിലത് വിവാഹാഘോഷം രസകരമാക്കാനാണ് ചെയ്‌തുവരുന്നത്. അത്തരത്തിൽ രസകരവും അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ ചില വിവാഹ ആചാര വിശേഷങ്ങൾ അറിയാം.

സന്തോഷത്തിന്റെ സമയമാണല്ലോ വിവാഹത്തിന്റേത്. പുതിയൊരു ജീവിതത്തിലേക്ക് ദമ്പതികൾ കടക്കുമ്പോൾ സന്തോഷമേ പാടില്ലെന്ന് നിർബന്ധിക്കുന്നൊരു നാടുണ്ട്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിവാഹ ആചാരങ്ങൾ പൂർത്തിയാകും വരെ വരനും വധുവും ചിരിക്കരുത്. ചെറിയ തോതിൽ പുഞ്ചിരിക്കുന്നതിന് പോലും ഇവിടെ വിലക്കുണ്ട്.

കൊറിയയിൽ വിവാഹദിനത്തിന്റെ അവസാനം വരനെ കൂട്ടിക്കൊണ്ടുപോയി അയാളുടെ കാലുകൾ തമ്മിൽ കൂട്ടികെട്ടും. ശേഷം നഗ്നപാദനായ വരന്റെ കാലിനടിയിൽ മത്സ്യത്തെ കൊണ്ട് അടിക്കും. ആദ്യരാത്രിയ്‌ക്ക് വരനെ തയ്യാറാക്കുന്ന പ്രധാന ചടങ്ങാണിത്.

പോൾട്ടർബെൻഡ് എന്നൊരു ഒത്തുചേരൽ ജർമ്മനിയിൽ വിവാഹദിനം ഉണ്ടാകാറുണ്ട്. പാത്രങ്ങൾ, ഗ്ളാസുകൾ എന്നിവയെല്ലാം വധൂവരന്മാർക്ക് ആളുകൾ സമ്മാനിക്കും. സമ്മാനം നൽകുമ്പോൾ വളരെയധികം ശബ്ദ‌മുണ്ടാക്കും. ഇങ്ങനെ ചെയ്‌താൽ ദുരാത്മാക്കളെ ഓടിക്കാനാകുമെന്നാണ് വിശ്വാസം.

കല്യാണപെണ്ണിന്റെ മുഖത്ത് തുപ്പുന്ന വിചിത്രമായ ആചാരം കേട്ടിട്ടുണ്ടോ? കെനിയയിലെ മസായമാരയിലെ മസായി ഗോത്രക്കാരാണ് ഇത്തരം ആചാരം പാലിക്കുന്നവർ. കല്യാണപെണ്ണിന്റെ മുഖത്ത് തുപ്പുന്നത് മറ്റാരുമല്ല പെൺകുട്ടിയുടെ അച്ഛൻ തന്നെ. ഒപ്പം മാറിടത്തിലും തുപ്പാറുണ്ട്. ഇത് പെൺകുട്ടിയെ അവഹേളിക്കാനല്ല പകരം അനുഗ്രഹിക്കുകയാണ് എന്നാണ് മസായി വിഭാഗക്കാരുടെ വിശ്വാസം.

പെൺകുട്ടിയെ കെട്ടിയിട്ട് മാലിന്യംകൊണ്ട് കുളിപ്പിക്കുന്ന വിചിത്രമായ ആചാരവും വിവാഹത്തിന് മുൻപ് പതിവുണ്ട്. യൂറോപ്യൻ രാജ്യമായ സ്‌കോട്‌ലാന്റിലാണിത്. വിവാഹജീവിതത്തിലെ പ്രയാസങ്ങളെ നേരിടാൻ ശക്തിനേടാനാണിത്. ഇത് താങ്ങാൻ പെൺകുട്ടിയ്‌ക്ക് കഴിയുമെങ്കിൽ വിവാഹ ജീവിതത്തിൽ എന്തും നേരിടാൻ കഴിയുമെന്നാണ് സ്‌കോട്ടിഷ് ജനതയുടെ വിശ്വാസം.

സ്വീഡനിൽ വിവാഹ ചടങ്ങിനിടെ വരനോ വധുവിനോ ടോയ്‌ലറ്റിൽ പോകേണ്ടിവന്നാൽ അതിന് ഒരൽപം ബുദ്ധിമുട്ടും. കാരണം കല്യാണത്തിന് പങ്കെടുക്കാനെത്തിയവരെയെല്ലാം മുത്തം നൽകി യാത്രയാക്കിയ ശേഷം വേണം ഇരുവർക്കും ടോയ്‌ലറ്റിൽ പോകാൻ.

ഇനി മറ്റുനാടുകളെപോലെ ഇന്ത്യയിൽ ചിലയിടത്തുമുണ്ട് വിചിത്ര ആചാരങ്ങൾ. വധുവിന് ജന്മനാ ദോഷങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ ആദ്യം വധു ഒരു മരത്തെ വിവാഹം ചെയ്യണം. വിവാഹശേഷം മരം വെട്ടിക്കളയുന്നതോടെ പ്രയാസങ്ങൾ അകന്നു എന്നാണ് വിശ്വാസം. ഇതിന് ശേഷം മറ്റൊരു പുരുഷനെ വിവാഹം ചെയ്യാം.

 

ഞെട്ടിക്കുന്ന ആചാരങ്ങൾ

വിവാഹത്തിന്റെ പേരിലുള്ള കൗതുകകരമായ ചില ആചാരങ്ങളാണ് ഇതുവരെ പറഞ്ഞത്. ഇനിയുള്ളവ അങ്ങനെയല്ല. മറ്റ് നാടുകളിലൊന്നും പതിവില്ലാത്ത ചില കാര്യങ്ങൾ ചെയ്‌താലേ ഇവിടങ്ങളിൽ വിവാഹം പൂർത്തിയായതായി കണക്കാക്കിയിരുന്നുള്ളു.

റൊമേനിയയിൽ ഒരു യുവാവ് വിവാഹം ചെയ്യാനാഗ്രഹിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകും. വധുവിന്റെ വീട്ടുകാർ കാണാതെ കുറച്ചുനാൾ ഒളിപ്പിക്കാൻ സാധിച്ചാൽ പെൺകുട്ടിയെ യുവാവിന് വിവാഹം ചെയ്‌ത് നൽകും. വീട്ടുകാർ തിരികെ കൊണ്ടുപോകുകയോ പെൺകുട്ടി രക്ഷപ്പെടുകയോ ചെയ്‌താൽ വിവാഹം നടക്കില്ല.

ടാൻസാനിയ, കെനിയ, ഉഗാണ്ട രാജ്യങ്ങളിലെ സ്വാഹിലി സംസ്‌കാരത്തിൽ പെട്ട വിവാഹങ്ങളിൽ പെൺകുട്ടിയുടെ അമ്മയോ മറ്റ് മുതിർന്ന സ്‌ത്രീകളോ വിവാഹരാത്രിയിൽ വധുവിനൊപ്പം മണിയറയിലെത്തും. വധുവിന് ആദ്യരാത്രിയിലെ പേടിയും സംശയവും മാറ്റാനാണിത്.

ഉഗാണ്ടയിലെ ബന്യൻകോലെ ആദിമനിവാസികളുടെ വിവാഹദിനത്തിലെ വിചിത്രമായൊരു ആചാരമുണ്ട്. 15-ാം നൂറ്റാണ്ട് മുതൽ ഇവരത് പാലിച്ചുവന്നിരുന്നു. വിവാഹത്തിന് മുൻപ് തങ്ങളുടെ കുടുംബവുമായി ബന്ധം വരുന്ന വരന് പ്രാപ്‌തിയുണ്ടോ എന്ന് പരിശോധിക്കാൻ വധുവിന്റെ ബന്ധുവായൊരു സ്‌ത്രീ വരനുമായി ശാരീരിക ബന്ധത്തിലേർപ്പെടും. വധു പരിശുദ്ധയാണെന്ന പരിശോധനയും ഈ സ്ത്രീ നിർവഹിക്കണം. എന്നാൽ പുത്തൻകാലത്ത് ഇങ്ങനെ പതിവില്ല.

ദക്ഷിണ സുഡാൻ എന്ന ആഫ്രിക്കൻ രാജ്യത്തിൽ ഒരു യുവതി പുരുഷനെ വിവാഹം ചെയ്യുംമുൻപ് അയാളിൽ രണ്ട് കുട്ടികളുണ്ടായിരിക്കണം. ഇതിന് സാധിക്കുന്നില്ലെങ്കിൽ പുരുഷന് ആ സ്ത്രീയെ വിവാഹമോചനം നടത്താം.

 

Tags:    

Similar News