വലിയ മുതൽമുടക്കില്ലാതെ തുടങ്ങാവുന്ന ലാഭകരമായ തൊഴിലാണ് ടർക്കിക്കോഴി വളർത്തൽ. ടർക്കിക്കോഴികൾക്ക് സാധാരണ കോഴികളെക്കാൾ വലുപ്പം കൂടുതലാണ്. ശരാശരി 80 ഗ്രാം തൂക്കമുണ്ട് ടർക്കിക്കോഴികളുടെ മുട്ടകൾക്ക്. പിട ടർക്കികൾ ഏഴു മാസം പ്രായമെത്തുമ്പോൾ മുട്ടയിടും.
ഒരു വർഷം പരമാവധി 100 മുട്ടകൾ. പൂവൻ ടർക്കിക്കു വളർച്ചയെത്തിയാൽ ഏഴു കിലോ വരെ തൂക്കം വരും. ടർക്കി ഇറച്ചിയിൽ കൊളസ്ട്രോൾ നന്നെ കുറവാണ്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് മാംസ്യത്തിന്റെ അളവു കൂടുതലും. കാൽസ്യം, പൊട്ടാസും, മഗ്നീഷ്യം, ഇരുമ്പ് സിങ്ക് എന്നീ ധാതുക്കളും മികച്ച തോതിലുണ്ട്. മുട്ടയും പോഷകസമൃദ്ധമാണ്.
അടുക്കളമുറ്റത്തും തെങ്ങിൻതോപ്പിലുമൊക്കെ ടർക്കിയെ വളർത്താം. വീട്ടുപറമ്പിൽ വേലി കെട്ടി അഴിച്ചിട്ടു വളർത്താം. രാത്രി കാലത്തു പാർക്കാനായി ഒന്നിനു നാലു ചതുരശ്ര അടി എന്ന തോതിൽ കൂട് സജ്ജമാക്കണം. കോഴിത്തീറ്റയ്ക്കു പുറമെ തീറ്റപ്പുല്ല് അരിഞ്ഞു നുറുക്കി നൽകാം. ഹോട്ടൽ അവശിഷ്ടങ്ങളും പച്ചക്കറിഅവശിഷ്ടങ്ങളും നൽകി തീറ്റച്ചെലവു കുറക്കാം.
ചെറുപ്രായത്തിൽ സ്റ്റാർട്ടർ, ഫിനീഷർത്തീറ്റയും പിന്നീടു കൈത്തീറ്റയും നൽകി ടർക്കികളെ ലാഭകരമായി വളർത്താം. അപരിചിതരെ കാണുമ്പോൾ പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ച് വീട്ടുകാവൽക്കാരുടെ ജോലിയും ടർക്കികൾ ചെയ്യും. കീടങ്ങളും അവശിഷ്ടങ്ങളും ആഹാരമാക്കി മാലിന്യ സംസ്കരണത്തിൽ പങ്കുചേരുന്ന ടർക്കിക്കോഴികൾ വീട്ടുവളപ്പിൽ പാമ്പിനെ കടന്നുവരാൻ അനുവദിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാൽ നല്ലൊരു കാവൽക്കാരൻ കൂടിയാണ് ടർക്കിക്കോഴികൾ.