ഷ്മിഡ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരു സംഘം ഗവേഷകര്‍ പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിക്കൂട്ടത്തെ കണ്ടെത്തി. ആഴക്കടല്‍ നീരാളികളുടെ കൂടിച്ചേരലുകളുടെ സജീവ മേഖലയാണിതെന്നു സംഘം സ്ഥിരീകരിച്ചു. ഇതിനു മുമ്പ് കാലിഫോര്‍ണിയ തീരമേഖലയിലെ ആഴക്കടലിലുള്ള നീരാളിക്കൂട്ടത്തെക്കുറിച്ചു മാത്രമാണു ഗവേഷകരുടെ അറിവിലുണ്ടായിരുന്നത്.
അദ്ഭുതങ്ങളുടെ കലവറയായ സമുദ്രത്തെക്കുറിച്ച് ഇനിയുമൊരുപാടു പഠിക്കാനുണ്ടെന്നു പുതിയ ഗവേഷണം തെളിയിക്കുന്നതായി ഷ്മിഡ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജ്യോതിക വിര്‍മണി പറഞ്ഞു. ട്രൈപോഡ് മത്സ്യം, നീരാളിക്കുഞ്ഞുങ്ങള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയവയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ജലാന്തരപേടകം കണ്ടെത്തിയത്. ഇവയുടെ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം, ഷ്മിഡിന്റെ ഗവേഷണ കപ്പലായ ഫാല്‍ക്കറില്‍ പസഫിക് സമുദ്രത്തിനിടിയിലുള്ള പര്‍വതങ്ങളെക്കുറിച്ചു പഠിക്കുന്നതിനായി അന്താരാഷ്ട്രഗവേഷകര്‍ മൂന്നാഴ്ചത്തെ പര്യവേഷണം നടത്തിയിരുന്നു. 54 ഡിഗ്രി ഫാരന്‍ഹീറ്റ് ദ്രാവകങ്ങള്‍ പുറത്തുവിടുന്ന മേഖലയില്‍ ഒരു ഫുട്‌ബോള്‍ ഫീല്‍ഡ് വലിപ്പമുള്ള പ്രദേശമായ ഡൊറാഡോ ഔട്ട്‌ക്രോപ്പ് അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 2013ല്‍, പെണ്‍നീരാളികള്‍ അവിടെ കുഞ്ഞുങ്ങളെ വിരിയിക്കാന്‍ ഒത്തുകൂടുന്നതു ശ്രദ്ധിച്ചിരുന്നെങ്കിലും നീരാളിക്കുഞ്ഞുങ്ങളെയൊന്നും അവര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. നീരാളിയുടെ വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ കഴിയാത്തവിധം മേഖല ചൂടായിരിക്കുമെന്ന് ഗവേഷകസംഘം കരുതി. സാധാരണഗതിയില്‍, നീരാളികള്‍ തണുത്തതും ആഴക്കടലുമായി ചേര്‍ന്നുനില്‍ക്കുന്ന ജീവികളാണ്.
എന്നാല്‍, റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ജലാന്തരവാഹനം ഉപയോഗിച്ചു കഴിഞ്ഞമാസം ഡൊറാഡോ ഔട്ട്‌ക്രോപ്പിലും മുമ്പു പര്യവേക്ഷണം ചെയ്യാത്ത മേഖലയിലും മുട്ടവിരിഞ്ഞു പുറത്തുവരുന്ന നീരാളിക്കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ആഴക്കടലില്‍ നീരാളിക്കുഞ്ഞുങ്ങള്‍ വിരിയുന്നതു ദൈര്‍ഘ്യമേറിയ പ്രക്രിയയാണ്. മാസങ്ങളോളം പെണ്‍നീരാളികള്‍ അതിന്റെ മുട്ടകള്‍ ശത്രുക്കളില്‍നിന്നു സംരക്ഷിക്കാറുണ്ട്. ഈ സമയത്ത് പെണ്‍നീരാളികള്‍ വളരെ കുറച്ചു മാത്രമേ കഴിക്കൂ. ഒരു പക്ഷേ ഒന്നും കഴിക്കുകയുമില്ല.
മഷി സഞ്ചികളില്ലാത്ത ചെറുതും ഇടത്തരവുമായ നീരാളികളുടെ ജനുസായ മ്യൂസോക്‌ടോപ്പസിന്റെ ഒരു പുതിയ ഇനമായിരിക്കും പുതുതായി കണ്ടെത്തിയ നീരാളികളെന്നു ഗവേഷകര്‍ കരുതുന്നു. കോസ്റ്റാറിക്ക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പര്യവേഷണത്തില്‍നിന്നു ശേഖരിച്ച മാതൃകകള്‍ പരിശോധിക്കുകയാണ്.