എന്തൊരു നാറ്റം, എന്നാലും കാഴ്ചക്കാരേറെ; ലോകത്തിലെ ഏറ്റവും വലിയ പൂവിനെ അറിയാം

Update: 2023-09-30 11:43 GMT

വലിപ്പത്തിന്‍റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമനാണ്. റഫ്ലേഷ്യ എന്ന പൂവിനെ വേറിട്ടുനിർത്തുന്നത് അതിന്‍റെ വലിപ്പം മാത്രമല്ല, ലോകത്തിലെ ഏറ്റവും മോശപ്പെട്ട മണമുള്ള പൂവും റഫ്ലേഷ്യയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ലേഷ്യ. പലപ്പോഴും ശവപുഷ്പം അല്ലെങ്കിൽ നാറുന്ന ശവത്താമരകൾ എന്നു വിളിക്കപ്പെടുന്ന ഈ പൂക്കൾക്ക് അഴുകിയ മാംസത്തിന്‍റെ ദുർഗന്ധമാണുള്ളത്.

വർഷങ്ങൾ കൂടുന്പോൾ പൂക്കുന്ന ടൈറ്റൻ ആരം എന്ന ശവപുഷ്പത്തിന്‍റെ ജനുസിൽ റഫ്ലേഷ്യ ഉൾപ്പെടുന്നില്ല. റഫ്ലേഷ്യ ചെടികൾ ഹ്രസ്വകാലം മാത്രം നിലനിൽക്കുന്നവയാണ്. ദുർഗന്ധം വമിക്കുന്നവയാണെങ്കിലും ചെടികൾ പൂക്കുന്പോൾ കാണാനും ഗവേഷണത്തിനുമായി നിരവധി പേർ എത്താറുണ്ട്. എന്നാൽ, പരാന്നഭോജി ജനുസിൽപ്പെടുന്ന പുഷ്പം ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണെന്ന് ഗവേഷകർ പറയുന്നു.

റഫ്ലേഷ്യ എന്ന പരാന്നഭോജി ജനുസിലെ ഒട്ടുമിക്ക സസ്യങ്ങളും വംശനാശ ഭീഷണിയിലാണെന്നാണു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ, അറിയപ്പെടുന്ന 42 റഫ്ലേഷ്യ ഇനങ്ങളിലൊന്നായ റഫ്ലേഷ്യ മാഗ്‌നിഫിക്കയെ വംശനാശഭീഷണി നേരിടുന്ന ചെടിയായി ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

25 റഫ്ലേഷ്യ ഇനങ്ങൾ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയും 15 ഇനങ്ങൾ വംശനാശഭീഷണി നേരിടുന്നവയും രണ്ടെണ്ണം ദുർബലമായവയും ആയി കണക്കാക്കണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. അറിയപ്പെടുന്ന റഫ്ലേഷ്യയുടെ 67 ശതമാനം ആവാസവ്യവസ്ഥകളും സംരക്ഷിത പ്രദേശങ്ങൾക്കു പുറത്തായതുകൊണ്ട് ഇത്തരം സസ്യങ്ങൾ കൂടുതൽ അപകടത്തിലാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

2020ൽ ഇന്തോനേഷ്യൻ വനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്ലേഷ്യ കണ്ടെത്തുന്നത്. പുഷ്പത്തിന് പത്തു കിലോയോളം തൂക്കമുണ്ടാകും.

Tags:    

Similar News