ലൈംഗിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?: കാരണങ്ങൾ അറിയാം

Update: 2024-10-04 12:26 GMT

ലൈംഗികാരോഗ്യം സൗഖ്യത്തിന് (wellness) ഏറെ പ്രധാനമാണ്. മിക്ക പുരുഷന്മാർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഉദ്ധാരണക്കുറവ്, ലൈംഗിക തൃഷ്ണക്കുറവ്, ഇൻഫർട്ടിലിറ്റി, ശീഘ്രസ്ഖലനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. സമ്മർദം (stress), ജീവിതശൈലി, രോഗാവസ്ഥകൾ, പോഷകക്കുറവ് തുടങ്ങി നിരവധി ഘടകങ്ങൾ ആകാം ഈ പ്രശ്നങ്ങൾക്ക് കാരണം.

ലൈംഗികാരോഗ്യം നിലനിർത്താൻ വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഇവയുടെ കുറവ് ലൈംഗികാരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലൈംഗികാരോഗ്യ പ്രശ്നങ്ങളും അവയ്ക്ക് കാരണമാകുന്ന വൈറ്റമിനുകളുടെ അഭാവവും മനസ്സിലാക്കേണ്ടത് ഈ രോഗങ്ങൾ തടയാനും അവയുടെ ചികിത്സയ്ക്കും പ്രധാനമാണ്.

ലൈംഗികാരോഗ്യപ്രശ്നങ്ങളും അവയ്ക്ക് കാരണമാകുന്ന വൈറ്റമിനുകളുടെ അഭാവവും എന്തൊക്കെ എന്നറിയാം.

ലൈംഗികതൃഷ്ണക്കുറവ്

വൈറ്റമിൻ ഡി, സിങ്ക്, വൈറ്റമിൻ ബി6 എന്നിവയുടെ അഭാവമാണ് ലൈംഗിക തൃഷ്ണ (Libido) കുറയാൻ കാരണം. വൈറ്റമിൻ ഡിയുടെ അഭാവം ലൈംഗികതൃഷ്ണയ്ക്ക് ആവശ്യമായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയാൻ കാരണമാകും. ഹോർമോൺ ഉൽപാദനത്തിന് സിങ്ക് ആവശ്യമാണ്. ലൈംഗിക താൽപര്യത്തെ സ്വാധീനിക്കുന്ന ഡോപ്പമിൻ സിന്തസിസിനു സഹായിക്കുന്നത് വൈറ്റമിൻ ബി6 ആണ്.

ഉദ്ധാരണക്കുറവ്

വൈറ്റമിൻ ഡി, വൈറ്റമിൻ ബി9 (ഫോളേറ്റ്), വൈറ്റമിൻ ബി12 എന്നിവയുടെ അഭാവം ഉദ്ധാരണക്കുറവിനു (Erectile Dysfunction) കാരണമാകും. വൈറ്റമിൻ ഡിയുടെ അഭാവം എൻഡോത്തീലിയൽ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. വൈറ്റമിൻ ഡിയുടെ അഭാവം മൂലം ഉദ്ധാരണത്തിന് അത്യാവശ്യമായ നൈട്രിക് ഓക്സൈഡിന്റെ അളവ് കുറയുകയും ചെയ്യും. ഫോളേറ്റിന്റെയും വൈറ്റമിൻ ബി12 ന്റെയും അഭാവം വാസ്കുലാൽ ഹെൽത്തിനെയും നാഡികളുടെ പ്രവർത്തനത്തെയും ബാധിക്കും.

ശീഘ്രസ്ഖലനം

മഗ്നീഷ്യം, സിങ്ക് എന്നിവയുടെ അഭാവമാണ് ശീഘ്രസ്ഖലനത്തിനു(Premature Ejaculation) കാരണം. പേശികളുടെ ചലനത്തിനും നാഡികളുടെ പ്രവർത്തനത്തിനും മഗ്നീഷ്യം ഒരു പ്രധാന പങ്കു വഹിക്കുന്നു. സിങ്ക് ആവട്ടെ ടെസ്റ്റോസ്റ്റീറോണിന്റെ അളവിനെയും ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു.

ബീജത്തിന്റെ ഗുണനിലവാരം കുറയുക

വൈറ്റമിൻ സി, വൈറ്റമിൻ ഇ, സെലെനിയം എന്നിവയുടെ അഭാവമാണ് ഇതിനു കാരണം. വൈറ്റമിൻ സിയും വൈറ്റമിൻ ഇ യും ബീജത്തെ ഓക്സീകരണ നാശത്തിൽ നിന്നും രക്ഷിക്കുന്ന ആന്റിഓക്സിഡന്റുകളാണ്. ബീജത്തിന്റെ ചലനശേഷിക്ക് സെലെനിയം പ്രധാനമാണ്.

ടെസ്റ്റോസ്റ്റീറോണിന്റെ അഭാവം

വൈറ്റമിൻ ഡി, സിങ്ക്, വൈറ്റമിൻ എ എന്നിവയുടെ അഭാവമാണ് കാരണം. വൈറ്റമിൻ ഡി യും സിങ്കും ടെസ്റ്റോസ്റ്റീറോണിന്റെ ഉൽപാദനത്തിൽ പങ്കു വഹിക്കുന്നു. ഹോർമോൺ സിന്തസിസ് നിയന്ത്രിക്കാൻ വൈറ്റമിൻ എ സഹായിക്കുന്നു. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കേണ്ടത് ലൈംഗികാരോഗ്യത്തിന് പ്രധാനമാണ്

Tags:    

Similar News