കറിവേപ്പ് തഴച്ചുവളരണോ..?; അതിനാണ് കഞ്ഞിവെള്ളം...; ഇങ്ങനെ ഉപയോഗിച്ചാൽ മതി
കറിവേപ്പ്, പോഷക ഗുണങ്ങളും സൗന്ദര്യഗുണങ്ങളും അടങ്ങിയിട്ടുള്ള അപൂർവ സസ്യം. വിഷമടിക്കാത്ത, നമ്മുടെ മുറ്റത്തോ, പറമ്പിലോ ഉള്ള കറിവേപ്പിന്റെ ഇല കറികളിൽ ചേർത്താൽ ലഭിക്കുന്ന രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. വിപണിയിൽ ലഭിക്കുന്ന കറിവേപ്പിലയിൽ മാരകവിഷം തളിച്ചതാണെന്ന് എല്ലാവർക്കും അറിയാം.
നമ്മുടെ മുറ്റത്തെ കറിവേപ്പിനെ സംരക്ഷിക്കാൻ വലിയ ചെലവുകളൊന്നുമില്ല. ഇല മുറിഞ്ഞ് പോവുക, ഇലകളിൽ നിറം മാറ്റം സംഭവിയ്ക്കുക, പുതിയ മുള പൊട്ടാതിരിക്കുക എന്നിവയെല്ലാം കറിവേപ്പിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കാൻ പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തിൽ ഇരട്ടി വെള്ളം ചേർത്ത് കരിവേപ്പിനു മുകളിൽ തളിയ്ക്കുന്നത് കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നു. പുതിയ തളിരിലകൾ ഉണ്ടാവാനും കഞ്ഞിവെള്ളം തന്നെ മുന്നിൽ.
കറിവേപ്പിനു ചുവട്ടിൽ കഞ്ഞിവെള്ളം ഒഴിയ്ക്കുന്നത് തളിരിലകൾ ഉണ്ടാവാൻ സഹായിക്കുന്നു. മാത്രമല്ല കഞ്ഞിവെള്ളത്തിന്റെ മണം കീടങ്ങളെ അകറ്റുകയും ചെയ്യുന്നു. തൈകൾ ചട്ടികളിൽ നട്ട് ഒന്നോരണ്ടോ ഇലക്കൂമ്പുകൾ വന്നാൽ കഞ്ഞിവെള്ള പ്രയോഗം തുടങ്ങാവുന്നതാണ്. തലേ ദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം വെളുത്തുള്ളി ചതച്ചിടണം. അതിനുശേഷം വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാം.
സൈലിഡ് കീടം, ശലഭപ്പുഴുക്കൾ, തേയിലക്കൊതുക് തണ്ടിലും ഇലയിലും വെളുത്ത പാടപോലെ വളരുന്ന ഫംഗസ് എന്നിവയെയെല്ലാം തുരത്താനുള്ള ഒറ്റമൂലിയാണ് കഞ്ഞിവെള്ളം. കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. ഈർപ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാൻ കാരണമാകുന്നു. ചാരം വിതറുന്നത് ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകൾ ലഭിക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്. ഇത് ഇലകളിലും ചെടിയുടെ ചുവട്ടിലും വിതറാവുന്നതാണ്.
കറിവേപ്പ് എങ്ങനെ പറിച്ചെടുക്കണമെന്ന് പലർക്കും അറിയില്ല. ഇത് വളർച്ചയെ മുരടിപ്പിക്കുന്നു. കറിവേപ്പിന്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങൾ പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാൻ കാരണമാകുന്നു. ഇത്തരത്തിൽ ഇലകൾ തണ്ടോടു കൂടി പറിച്ചെടുക്കുമ്പോൾ ചെടി അധികം ഉയരത്തിൽ വളരുന്നില്ല. ഇതാണ് കറിവേപ്പിന്റെ വളർച്ചയ്ക്ക് നല്ലതും. വിവിധ തരത്തിലുള്ള വളങ്ങൾ കറിവേപ്പിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കാം. പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ച് കൊടുക്കാം. ഇത് ഇല വളരാനും സഹായകമാണ്.