ഗർഭകാലത്ത് തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ... തീർച്ചയായും അറിയണം

Update: 2024-08-07 09:28 GMT

ഗർഭാവസ്ഥയിൽ ചില ഭക്ഷണങ്ങൾ കഴിക്കരുതെന്ന് നിർദേശിക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഭക്ഷണകാര്യത്തിലെ നിയന്ത്രണം അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തിനും ഉത്തമാണ്. ചില ഭക്ഷണങ്ങൾ, അപകടസാധ്യതകൾ ഉണ്ടാക്കാം. ഒഴിവാക്കേണ്ട ചില ഭക്ഷണപദാർഥങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കാം.

പപ്പായ

പഴുക്കാത്തതോ, പകുതി പഴുത്തതോ ആയ പപ്പായയിൽ ലാറ്റക്സ് പദാർഥവും പപ്പൈൻ എന്ന എൻസൈമും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ ഗർഭാശയ സങ്കോചത്തിനു കാരണമാകും. ഇത് ഗർഭം അലസൽ അല്ലെങ്കിൽ അകാല പ്രസവത്തിലേക്കു നയിച്ചേക്കാം. പഴുത്ത പപ്പായ സുരക്ഷിതമാണെന്നു കണക്കാക്കപ്പെടുന്നു. എങ്കിലും മിതമായ അളവിൽ വേണം കഴിക്കാൻ. പഴുക്കാത്ത പപ്പായ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.

പൈനാപ്പിൾ

ഗർഭിണികൾ ജാഗ്രതയോടെ സമീപിക്കേണ്ട മറ്റൊരു പഴമാണ് പൈനാപ്പിൾ. ഇതിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് സെർവിക്സിനെ മൃദുവാക്കും. പൈനാപ്പിളിന്റെ തണ്ടിലും കാമ്പിലും ഉയർന്ന സാന്ദ്രതയിലാണ് ബ്രോമെലൈൻ കാണപ്പെടുന്നത്. അപകടസാധ്യത കുറയ്ക്കുന്നതിനു ഗർഭകാലത്ത് പൈനാപ്പിൾ ഒഴിവാക്കുന്നതു നല്ലതാണ്.

പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ

ചില സോഫ്റ്റ് ചീസുകൾ ഉൾപ്പെടെയുള്ള പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ, ലിസ്റ്റീരിയ പോലുള്ള ഹാനികരമായ ബാക്ടീരിയബാധ്ക്ക് ഇടയാക്കാം. ലിസ്റ്റീരിയ മൂലമുണ്ടാകുന്ന അണുബാധയായ ലിസ്റ്റീരിയോസിസ് ഗർഭാവസ്ഥയിൽ ഗർഭം അലസൽ, അകാല ജനനം, നവജാതശിശുവിൽ അണുബാധ എന്നിവയുൾപ്പെടെ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

കാപ്പി, ചായ, ചോക്ലേറ്റ്

കഫീൻ കൂടുതലായി അടങ്ങിയിട്ടുള്ള കാപ്പി, ചായ, ചോക്ലേറ്റ് എന്നിവയുടെ അമിത ഉപയോഗം ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കുന്നു. കുട്ടിയുടെ ഭാരം കുറയ്ക്കാനും ഇവ കാരണമാകുന്നു.

മദ്യം

മദ്യപാനം ജനന വൈകല്യങ്ങൾക്കും വളർച്ചാ പ്രശ്നങ്ങൾക്കും കാരണമാകും. ഇതിനെ ഫെറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡേഴ്സ് എന്ന് വിളിക്കുന്നു. ഈ അപകടസാധ്യതകൾ ഒഴിവാക്കാൻ ഗർഭകാലത്ത് മദ്യം പൂർണമായും ഒഴിവാക്കുക.

മുളപ്പിച്ച ഭക്ഷണം

പയറുവർഗങ്ങൾ, ക്ലോവർ, റാഡിഷ്, മംഗ് ബീൻസ് എന്നിവ മുളപ്പിച്ച് ഉപയോഗിക്കുന്നത് ഗുണകരമല്ല. സാൽമൊണെല്ല അല്ലെങ്കിൽ ഇ കോളി പോലുള്ള ഹാനികരമായ ബാക്ടീരിയകൾ ഉണ്ടാകാം. കൂടാതെ, അസംസ്‌കൃത മുളകൾ ദഹിപ്പിക്കാൻ പ്രയാസമാണ്. ഇത് വയറിളക്കത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു.

ഗർഭകാലത്ത് വിദഗ്ധനായ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഭക്ഷണക്രമം ചിട്ടപ്പെടുത്തുക.

Tags:    

Similar News