ഒന്നിലധികം ഭാഷകൾ സംസാരിക്കാനും, പെട്ടെന്ന് ഏത് ഭാഷയും പഠിച്ചെടുക്കാനുള്ള ഒരു കഴിവും മലയാളികൾക്ക് ഉണ്ടെന്നാണ് പൊതുവെ പറയുന്നത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് കുടിയേറി അവിടെ വളരെ പെട്ടെന്ന് പൊരുത്തപ്പെടാറുണ്ട് മലയാളികൾ.
നിങ്ങളും പുതിയ ഭാഷകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത, ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരിൽ അൽഷിമേഴ്‌സ്,ഡിമെൻഷ്യ പോലെയുള്ള മസ്തിഷ്‌ക സംബന്ധിയായ അസുഖങ്ങൾ വരാനുള്ള സാധ്യത താരതമ്യേന കുറവാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ആൻഡ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ഡിസോർഡേഴ്‌സ് വിഭാഗത്തിലെ പ്രൊഫസറായ ഡോ. വിയോറിക്ക മരിയൻ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന് കൊടുത്ത അഭിമുഖത്തിലാണ് ഭാഷാപഠനത്തിലൂടെ മസ്തിഷ്ക്കത്തിന് ലഭിക്കുന്ന ഈ ഗുണങ്ങളെ പറ്റി സംസാരിച്ചത്. പുതിയ ഭാഷകൾ പഠിക്കുന്നത് മസ്തിഷ്കത്തെ വ്യായാമം ചെയ്യിക്കുന്നതിന് തുല്യമാണത്രേ.
നമ്മൾ എല്ലാ ദിവസവും ഒരേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് സങ്കൽപ്പിക്കുക. ആ വഴിയിലൂടെ നിങ്ങൾ ദിവസത്തിൽ പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും പോകും. ഒരു ദിവസം തിരികെ പോകുമ്പോൾ ആ റോഡ് തകർന്നതായി നിങ്ങൾ കാണുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ഒരേയൊരു റോഡാണതെങ്കിൽ, നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയില്ല.
എന്നാൽ ലക്ഷ്യസ്ഥാനത്തേക്ക് ഒന്നിലധികം വഴികൾ എത്തിപ്പെടാൻ ഉണ്ടെങ്കിൽ, ആ വഴികളെക്കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. അതുപോലെ നമ്മുക്ക് ഒന്നിലധികം ഭാഷകൾ വശമുണ്ടെങ്കിൽ, മറന്നു പോയ ഓർമ്മകളിലേക്കെത്താനും പ്രയാസമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കൂടുതൽ എളുപ്പമാകുമത്രേ.