ആധുനിക യുഗത്തില്‍ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ജീവിതശൈലിരോഗങ്ങള്‍. ഓരോ വ്യക്തിയും ജീവിതശൈലിയില്‍ വരുത്തുന്ന ഗുണകരമായ മാറ്റങ്ങള്‍ മൂലം രോഗരഹിതവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ മനുശ്യരാശിക്ക് ഉണ്ടാവുന്നതാണ്. ജീവിതശൈലിരോഗങ്ങളില്‍ ഏറ്റവും പ്രധാനമായി പ്രതിപാദിക്കേണ്ട ഒന്നാണ് സ്ത്രീകളെ ബാധിക്കുന്ന പിസിഒഡി എന്ന രോഗാവസ്ഥ. ആരോഗ്യരംഗത്തെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഡി അനുബന്ധ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇന്നത്തെ യുവതലമുറയിലെ പെണ്‍കുട്ടികളില്‍ പിസിഒഡി സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ശരീര അവസ്ഥയാണ്. പിസിഒഡി നിസാരമായി കാണേണ്ട ഒരു രോഗമല്ല. കാരണം കൃത്യമായി ചികിത്സ നല്‍കിയില്ലെങ്കില്‍ വളരെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചേരാം.
കാരണങ്ങള്‍
ജനിതക, പാരമ്പര്യകാരണങ്ങള്‍, തെറ്റായ ജീവിതശൈലി, വ്യായാമമില്ലായ്മ, ആയാസരഹിതമായ പ്രവത്തനമേഖലകള്, മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കവും.
തെറ്റായ ആഹാരശൈലി: ക്രമം തെറ്റിയ ആഹാരം, അമിതാഹാരം, ബേക്കറി, ജങ്ക്ഫുഡ്, കോള തുടങ്ങിയ മധുരപാനീയങ്ങള്‍. വറപൊരി സാധനങ്ങള്‍ ഇവയുടെയുക്കെ അമിത ഉപയോഗം. മറ്റു ഹോര്‍മോണ്‍ സംബന്ധമായ രോഗമുള്ളവര്‍. ഗര്‍ഭനിരോധന ഗുളികകളുടെ അമിതമായ ഉപയോഗം.
ലക്ഷണങ്ങള്‍
ആര്‍ത്തവ ക്രമക്കേടുകള്‍. അമിതരക്തസ്രാവം. ആര്‍ത്തവരക്തം തീരെ കുറവ്. നീണ്ട ഇടവേളകള്‍ കഴിഞ്ഞ് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന അമിതരക്തസ്രാവം. മാസങ്ങളോളം ആര്‍ത്തവം ഇല്ലാതിരിക്കുക.
ശരീരത്തിലുണ്ടാകുന്ന മറ്റു മാറ്റങ്ങള്‍
അമിതമായി ശരീരഭാരം കൂടുക. അമിതമായ മുഖക്കുരു. പുരുഷന്മാരുടെ പോലെയുള്ള രോമവളര്‍ച്ച. തലമുടി അമിതമായി കൊഴിയുക ( ANDROGENIC ALOPECIA). കഴുത്തിനു ചുറ്റും കറുപ്പുനിറം (ACANTHOSIS NIGRICANS ). ക്ഷീണം, തളര്‍ച്ച, മാനസിക സംഘര്‍ഷം, ഗര്‍ഭവതിയാകാനുള്ള കാലതാമസം, വന്ധ്യത, ഗര്‍ഭം ഉണ്ടായാല്‍ തന്നെ അലസിപോകുക.
മേല്‍പ്പറഞ്ഞ നിദാനങ്ങളെക്കൊണ്ട് സ്ത്രീ ലൈംഗിക ഹോര്‍മോണുകളുടെ കര്‍മത്തിനു വ്യതിയാനമുണ്ടാവുകയും അതിന്റെ ഫലമായി HPO AXIS ( ഹൈപ്പോതലാമസ് PITUITARY OVARIAN AXIS ) അസന്തുലിതമാവുകയും തന്മൂലം ശരീരത്തിന് ഇന്‍സുലിന്‍ ഹോര്‍മോണിനെ സ്വീകരിക്കാന്‍ പറ്റാതാവുകയും ( INSULIN RESISTANCE ) അങ്ങനെ രക്തത്തില്‍ ഇന്‍സുലിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും തത്ഫലമായി അണ്ടാശയങ്ങള് അതിന്റെ സാമാന്യ കര്‍മങ്ങളില്‍ നിന്നു വ്യതിചലിച്ചു കൃത്യമായ അണ്ഡവിസര്‍ജനം ( OVULATION ) നടക്കാതെ ഇരിക്കുന്നു. ഇങ്ങനെയുള്ള അണ്ടാശയത്തില്‍ കുമിളകള്‍ (CYST) രൂപപ്പെടുകയും അതിന്റെ പരിണിതഫലമായി പുരുഷ ഹോര്‍മോണ്‍ അതിയായി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം ഈ കാരണങ്ങളാലാണു പ്രകടമാകുന്നത്.
രോഗനിര്‍ണയം
PCOD ഒരു പരിധി വരെ ബാഹ്യമായ ലക്ഷണങ്ങള്‍ കൊണ്ടുതന്നെ മനസിലാക്കാം. രോഗസ്ഥിരീകരണത്തിനായി അള്‍ട്രാസൗണ്ട് സ്കാനിങ്ങും രക്തപരിശോധനയും അവലംബിക്കാം.
പ്രാരംഭ ഘട്ടത്തില്‍ നിര്‍ണയിക്കപ്പെടുന്ന PCOD കൃത്യമായ ചികിത്സ കൊണ്ടും ജീവിതശൈലി കൊണ്ടും ഒരുപരിധി വരെ ഭേദമാകാവുന്നതാണ്. എന്നാല്‍, നിസാരവത്കരിച്ചു കഴിഞ്ഞാല്‍ താഴെപറയുന്ന പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നതാണ്.
അമിതഭാരം (OBESITY)
ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും
ഗര്‍ഭസ്രാവം/ഗര്‍ഭം അലസിപോകുക
വന്ധ്യത
പ്രമേഹം
അമിതരക്തസമ്മര്‍ദ്ദം
എന്ടോമെട്രിയല്കാര്സിനോമ
എന്ടോമെട്രിയോസിസ്/അഡിനോമയോസിസ്
ചികിത്സ
ആയുര്‍വേദം PCOD- യ ഒരു വാത-കഫ-ആര്‍ത്തവ ദൃഷ്ട്ടിയായാണു പരിഗണിക്കുന്നത്. നേരത്തെ സൂചിപ്പിച്ച നിദാനങ്ങളെ കൊണ്ടു ശരീരത്തില്‍ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും അഗ്നിമാന്ദ്യം, ആമാവസ്ഥയിലേക്കു ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സ അഗ്നിബലത്തെ കൂട്ടി ആമത്തത്തിനെ ഉന്മൂലനം ചെയ്തു ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ച് അണ്ഡാശയങ്ങളെ അവയുടെ പ്രാകൃത കര്‍മങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി ആയുര്‍വേദത്തിന്റെ അടിസ്ഥാന ചികിത്സ ആയ പഞ്ചകര്‍മ വമനം, വിരേചനം, വസ്തികള്‍, നസ്യം മുതലായവ ചെയ്യേണ്ടതുമാണ്. അങ്ങനെ ശരീരശുദ്ധി കൈവരിച്ചതിനു ശേഷം നിര്‍ദ്ദേശിക്കപ്പെട്ട കാലയളവില്‍ വ്യാധിഹര ഔഷധങ്ങള്‍ സേവിക്കുകയും പഥ്യം പാലിക്കുകയും അനാരോഗ്യപരമായ ജീവിതശീലങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്.
പഥ്യങ്ങള്‍
കൃത്യമായ ആഹാരശൈലി
പോഷക സമ്പുഷ്ട്ടമായ ഭക്ഷണക്രമം
ചെറു ചൂടു വെള്ളം കുടിക്കുക
ദൈനംദിന ആഹാരത്തില്‍ ഇലക്കറികളും പഴങ്ങളും പച്ചകറികളും ഉള്‍പ്പെടുത്തുക
കൃത്യമായ ഉറക്കം (6-7 മണിക്കൂര്‍)
നിഷ്ടയോടു കൂടിയുള്ള വ്യായാമം (ദിവസവും കുറഞ്ഞ് 40 മിനിറ്റ്)
അപഥ്യങ്ങള്
ഓഴിവാക്കേണ്ടവ: സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ (പഞ്ചസാര, മൈദ).
വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങളുടെ അമിത ഉപയോഗം.
ബേക്കറി, ജങ്ക്ഫുഡ്, കോള, മധുരപാനീയങ്ങള്‍, പകലുറക്കം, വ്യായാമമില്ലായ്മ.