ഹൃദയാകൃതിയിലുള്ള ദ്വീപ്; പോകാം പ്രണയാഘോഷങ്ങൾക്കായി

Update: 2024-02-09 09:48 GMT

ഫെബ്രുവരി 14നാണ് വാലൻറെൻസ് ദിനം. പ്രണയിതാക്കൾ തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞ് ആഘോഷിക്കുന്ന ദിവസം. ഡിന്നർ, ട്രിപ്പ്, പാർട്ടികൾ എന്നിവയെല്ലാം ഈ ദിനത്തോട് അനുബന്ധിച്ച് പങ്കാളികൾ പ്ലാൻ ചെയ്യാറുണ്ട്. മാത്രമല്ല തങ്ങളുടെ പങ്കാളിയ്ക്ക് സമ്മാനങ്ങൾ വാങ്ങി നൽകാനും ഈ ദിനം പ്രണയിതാക്കൾ ശ്രമിക്കാറുണ്ട്. പ്രണയദിനത്തിൽ പങ്കാളിയോടൊപ്പം സന്ദർശിക്കാൻ ഹൃദയത്തിൻറെ ആകൃതിയിലുള്ള ദ്വീപിൽ പോയാലോ..!

അങ്ങനെയൊരു ദ്വീപുണ്ടോ, ഉണ്ട്..! നമ്മുടെ തൊട്ടടുത്തുതന്നെ..! കർണാടകയുടെ അതിമനോഹരമായ തീരപ്രദേശത്തിനു സമീപം അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു ഹൃദയാകൃതിയിലുള്ള ദ്വീപ്. നേത്രാനി എന്നാണു ദ്വീപിൻറെ പേര്. ആകാശത്തുനിന്നു നോക്കിയാൽ ഹൃദയത്തിൻറെ ആകൃതിയിൽ ദ്വീപ് കാണാം. പ്രാവ് ദ്വീപ് എന്നും അറിയപ്പെടുന്നു. കണ്ണ് എന്നർഥമുള്ള നേത്ര, ദ്വീപ് എന്ന് അർഥമാകുന്ന അനി എന്നീ സംസ്‌കൃത പദങ്ങളിൽ നിന്നാണ് 'നേത്രാനി' എന്ന പേരുണ്ടായത്. പ്രകൃതിസ്നേഹികൾക്കും സാഹസികതയിൽ താത്പര്യമുള്ളവർക്കും നേത്രാനിയിലെത്താം.

ഒരു കാലത്ത് നേത്രാനി ദ്വീപ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുകൂടി കപ്പൽ കയറുന്ന വ്യാപാരികളുടെ ഒരു ജനപ്രിയ സ്റ്റോപ്പായിരുന്നു. കടൽ വ്യാപാരത്തിൻറെ പ്രധാനകേന്ദ്രങ്ങളിലൊന്നായിരുന്നു. അണ്ടർവാട്ടർ സാഹസികതയ്ക്കായി എത്തുന്നവരാണ് കൂടുതൽ. ദ്വീപിലെ അണ്ടർവാട്ടർ വിനോദങ്ങൾ അതിമനോഹരമായ അനുഭവമാണെന്ന് സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു.

കർണാടകയിലെ തീരദേശ പട്ടണമായ മുരുഡേശ്വറിനു സമീപമാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദ്വീപിനു ചുറ്റും ഓർക്കകളെയും തിമിംഗല സ്രാവുകളും കണ്ടിട്ടുണ്ടെന്നു മുങ്ങൽ വിദഗ്ധർ പറയുന്നു. സ്‌നോർക്കെലിങ്ങിനായി ധാരാളം പേർ ഇവിടെയത്തുന്നു. ബട്ടർഫ്‌ലൈ ഫിഷ്, പാരറ്റ് ഫിഷ്, ട്രിഗർ ഫിഷ്, ഈൽ എന്നിവ ഉൾപ്പെടുന്ന അതിശയകരമായ വൈവിധ്യമാർന്ന റീഫ് മത്സ്യങ്ങളുള്ള ദ്വീപാണ് നേത്രാനി.

തീർച്ചയായും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് നേത്രാനി. ആ അനുഭവം വാക്കുകൾകൊണ്ടു വിവരിക്കാൻ ചിലപ്പോൾ നിങ്ങൾക്കു കഴിയില്ല..!


 




 



Tags:    

Similar News