അര്‍ബുദ കേസുകളില്‍ ഏഷ്യയില്‍ ഇന്ത്യ രണ്ടാമത്‌

Update: 2024-01-15 10:48 GMT

ഏഷ്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന അര്‍ബുദ കേസുകളിലും മരണങ്ങളിലും ചൈനയ്‌ക്ക്‌ ശേഷം, രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യയെന്ന്‌ ലാന്‍സെറ്റിന്റെ റീജണല്‍ ഹെല്‍ത്ത്‌ സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു. 2019ല്‍ 12 ലക്ഷം പുതിയ അര്‍ബുദ കേസുകളും ഇതോട്‌ അനുബന്ധിച്ചുള്ള 9.3 ലക്ഷം മരണങ്ങളുമാണ്‌ ഇന്ത്യയില്‍ ഉണ്ടായതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി.

48 ലക്ഷം പുതിയ കേസുകളും 27 ലക്ഷം മരണങ്ങളുമായി ചൈനയാണ്‌ ഏഷ്യയിലെ അര്‍ബുദരോഗ വ്യാപനത്തിന്റെ കാര്യത്തില്‍ ഒന്നാമത്‌. ഒന്‍പത്‌ ലക്ഷം കേസുകളും 4.4 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയ ജപ്പാനാണ്‌ മൂന്നാമത്‌.

ട്രക്കിയല്‍, ബ്രോങ്കസ്‌, ലങ്‌ കാന്‍സറുകളാണ്‌ ഏഷ്യയില്‍ ഏറ്റവും പ്രബലമായ അര്‍ബുദങ്ങളെന്നും ഗവേഷകര്‍ പറയുന്നു. 13 ലക്ഷം പുതിയ കേസുകളും 12 ലക്ഷം മരണങ്ങളുമാണ്‌ ഈ അര്‍ബുദങ്ങളുടെ സംഭാവന. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കുരുക്ഷേത്ര, എയിംസ്‌ ജോധ്‌പൂര്‍, ഭട്ടിന്‍ഡ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്‌ധര്‍ അടക്കമുള്ള ഗവേഷകരുടെ രാജ്യാന്തരസംഘമാണ്‌ പഠനത്തില്‍ പങ്കെടുത്തത്‌.

ഏഷ്യയിലെ സ്‌ത്രീകളില്‍ ഏറ്റവും അധികം കാണപ്പെടുന്നത്‌ ഗര്‍ഭാശയമുഖ അര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) ആണെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എച്ച്‌പിവിക്കെതിരെയുള്ള വാക്‌സീന്റെ പ്രാധാന്യം അടിവരയിടുന്നു. പുകവലി, മദ്യപാനം, വായുമലിനീകരണം എന്നിവയാണ്‌ ഏഷ്യയിലെ അര്‍ബുദങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഖൈനി, ഗുഡ്‌ക, പുകയില, പാന്‍മസാല എന്നിവയെല്ലാം ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വായിലെ അര്‍ബുദത്തിന്‌ സാധ്യതയേറ്റുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അര്‍ബുദം മൂലമുള്ള ആഗോള മരണങ്ങളില്‍ 32.9 ശതമാനം ഇന്ത്യയുടെ മാത്രം സംഭാവനയാണ്‌. വ്യവസായ വളര്‍ച്ച, നഗരവത്‌ക്കരണം, കുടിയേറ്റം, വര്‍ധിച്ച മോട്ടോര്‍ വാഹന ഉപയോഗം എന്നിങ്ങനെ അര്‍ബുദ കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ഘടകങ്ങളെ അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യവും പഠനം എടുത്ത്‌ പറയുന്നു. ശുദ്ധമായ വെള്ളവും ശുചിത്വവും ഹെലികോബാക്ടര്‍ പൈലോറി പോലുള്ള അണുക്കളുടെ വ്യാപനം തടയുമെന്നും ഇത്‌ വയറിലെ അര്‍ബുദ സാധ്യത കുറയ്‌ക്കുമെന്നും പഠനറിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു.

Tags:    

Similar News