'വിബ്രിയോ കോളറ' എന്നയിനം ബാക്ടീരിയ പരത്തുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വരെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ മാരകമാകാവുന്ന രോഗമാണ് കോളറ.
പെട്ടെന്നുള്ള കഠിനമായതും വയറുവേദന ഇല്ലാത്തതും കഞ്ഞിവെള്ളത്തിന്റെ രൂപത്തിലുള്ള വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. തുടർന്ന് രോഗിക്ക് നിർജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം പെട്ടെന്ന് ഗുരുതരമാകും.
വയറിളക്കം പിടിപെട്ടാൽ തുടക്കത്തിൽ തന്നെ ചികിത്സ നൽകി ഗുരുതരമാകാതെ തടയാനാകും. ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
എങ്ങനെ പ്രതിരോധിക്കാം
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക. കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക. നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കരുത്. ആഹാരത്തിന് മുമ്പും ശേഷവും ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. ഭക്ഷണസാധനങ്ങൾ അടച്ചുവച്ചുമാത്രം സൂക്ഷിക്കുക.