നല്ല കട്ട തൈര് 30 മിനിറ്റിനുളളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി വെള്ളം ചേർക്കാതെ പാൽ നന്നായി ചൂടാക്കി എടുക്കുക. ഈ ചൂടാക്കിയ പാൽ ചെറുതായി തണുപ്പിക്കണം. ഇളം ചൂടാകുമ്പോൾ ഇതിലേയ്ക്ക് നല്ല കട്ട തൈര് ചേർത്ത് മിക്സ ചെയ്ത് വെക്കുക. ശേഷം ഒരു കുക്കറിൽ തിളച്ച വെള്ളം കാൽ ഭാഗം ഒഴിക്കുക. ഇതിലേയ്ക്ക് പാൽ പാത്രം ഒരു അടപ്പ് കൊണ്ട് മൂടി ഇറക്കി വെച്ച് കുക്കറിന്റെ മൂടി വെയ്റ്റ് ഇട്ട് അടച്ച് ഒരു അരമണിക്കൂർ വെക്കണം. ഇത്തരത്തിൽ അര മണിക്കൂർ കഴിയുമ്പോൾ തുറന്ന് നോക്കിയാൽ നല്ല കട്ട തൈര് ലഭിക്കുന്നതാണ്.
പാൽ തിരഞ്ഞെടുക്കുമ്പോൾ നല്ല കൊഴുപ്പുള്ള പാൽ തന്നെ നോക്കി എടുക്കുക. അതുപോലെ കുക്കറിലേയ്ക്ക് പാൽ ഇറക്കി വെക്കുമ്പോൾ പാൽ പാത്രം മൂടി വെക്കാനും മറക്കരുത്. അതുപോലെ, പാൽ നന്നായി തിളച്ച് പൊന്തുമ്പോൾ ഒരു തവി കൊണ്ട് കോരി ഒഴിച്ച് ആറ്റി എടുക്കുന്നത് പാൽ നന്നായി കുറുകാൻ സഹായിക്കുന്നതാണ്. ഇവ കൂടാതെ, പാലിൽ തൈര് ചേർക്കുമ്പോൾ നല്ല കട്ട തൈര് തന്നെ ചേർക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നിങ്ങൾ തയ്യാറാക്കുന്ന തൈരിനും അതേ ഗുണം ലഭിക്കുന്നതല്ല. വെള്ളം ചേർത്ത് കിട്ടുന്ന പാൽ ആണെങ്കിൽ നിങ്ങൾ തൈര് തയ്യാറാക്കി കഴിയുമ്പോൾ അതിന്റെ മുകളിൽ തെളിഞ്ഞ് കിടക്കുന്നത് കാണാം.