ഒരു വർഷത്തോളമായി വിപണിയിൽ വലിയ വിലയാണ് ഇഞ്ചിക്ക് ഈടാക്കുന്നത്. 300-350 രൂപ വരെയാണ് ഇഞ്ചിയുടെ വില. പച്ചമുളകിനും തക്കാളിക്കുമെല്ലാം നൂറിനുമുകളിലായിരുന്നു വില. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ നമുക്കാവശ്യമുള്ള പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്യാമെന്നു നോക്കാം.
ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് വേണ്ടത്. ജൈവാംശം കൂടിയ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മണ്ണിൽനിന്നു ധാരാളം ജലം വലിച്ചെടുക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്ടീരിയയും കുമിളുകളും പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തിൽ തടങ്ങൾ കോരണം. അടിവളമായി കമ്പോസ്റ്റോ കാലിവളമോ ചേർക്കാവുന്നതാണ്. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലം പാലിക്കണം. വിത്തിഞ്ചി തടങ്ങളിൽ 25 സെൻറിമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ അഞ്ചു സെൻറിമീറ്റർ താഴ്ചയിൽ നടണം.
കൃഷിക്കായി വിത്ത് ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ കൃത്യമായ പരിപാലനം ആവശ്യമായ കൃഷിയാണ് ഇഞ്ചി. കീടരോഗങ്ങൾ ഇല്ലാത്ത ചെടികളിൽ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുന്നതാണ് നല്ലത്. ഏറ്റവും പ്രധാനം ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്. ഇഞ്ചി നട്ടതിന് ശേഷം ഉടൻ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയും. ഇങ്ങനെ പുതയിടുന്നതിനാൽ വലിയ മഴയിൽ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ആദ്യത്തെ മൂന്നുമുതൽ നാലുമാസം വരെയാണ് ഇഞ്ചിയുടെ വളർച്ച കാര്യമായി നടക്കുന്നത്. അതിനാൽ നാലുമാസത്തിനുള്ളിൽ വളം മുഴുവനും ചെടികൾക്ക് നൽകേണ്ടതാണ്. പൂർണമായും ജൈവവളം ഉപയോഗിക്കുന്നതാണ് ഇഞ്ചി കൃഷിക്ക് നല്ലത്. വളപ്രയോഗത്തിനുശേഷം തടങ്ങളിൽ മണ്ണ് കയറ്റി പുതയിടേണ്ടതുമാണ്
ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങും വിളവെടുപ്പിന് അനുകൂലമായ സമയം ഇതാണ്. ഇലകളും തണ്ടുകളും പൂർണമായും ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം.