കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയം

Update: 2024-09-21 11:04 GMT

പനി വരുന്നത് പോലെ ആണ് ഇന്നത്തെ കാലത്ത് കാന്‍സറിന്റെ വരവ്. ചികിത്സകള്‍ ഉണ്ടെങ്കില്‍ പോലും അസുഖം തുടക്കത്തില്‍ തിരിച്ചറിയാതെ പോകുന്നതോടെ രോഗം മൂര്‍ച്ഛിച്ച് മരണത്തിലേക്ക് നയിക്കുന്നു.

ഇപ്പോഴിതാ ആരോഗ്യരംഗത്ത് പുത്തന്‍ നേട്ടമാണ് ശാസ്ത്രലോകം സ്വന്തമാക്കിയിരിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടുപിടിത്തം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം ആണ് വിജയം കൈക്കൊണ്ടിരിക്കുന്നത്.

മെലനോമ, നോണ്‍-സ്‌മോള്‍-സെല്‍ ശ്വാസകോശ അര്‍ബുദം എന്നിവ ബാധിച്ച രോഗികളില്‍ നടത്തിയ പരീക്ഷണമാണ് ഫലം കണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കുറച്ചു രോഗികളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളുവെങ്കിലും അടുത്ത ഘട്ടത്തില്‍ പരീക്ഷണം വിപുലമായ നടത്തും. കോവിഡ്-19 വാക്‌സിനായ എംആര്‍എന്‍എ-4359 വികസിപ്പിച്ച മോഡേണ ഫാര്‍മസ്യൂട്ടിക്കല്‍സാണ് കാന്‍സറിനെതിരെയുള്ള വാക്‌സിന്റെ പിന്നിലുമുള്ളത്.

ട്യൂമറുകളുള്ള 19 രോഗികളെ ഉള്‍പ്പെടുത്തിയ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍, എട്ട് രോഗികള്‍ക്ക് ട്യൂമര്‍ വളര്‍ച്ചയില്ലെന്ന് കണ്ടെത്തി. ഏറ്റവും പ്രധാനപ്പെട്ട നേട്ടം വാക്‌സിന് പാര്‍ശ്വഫലങ്ങളില്ല എന്നുള്ളതാണ്. കാന്‍സര്‍ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നതിനായി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് ട്യൂമര്‍ കോശങ്ങളെ തിരിച്ചറിയാന്‍ രോഗപ്രതിരോധ സംവിധാനത്തിന് നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്യുന്നത്.

ഇത് കാന്‍സര്‍ ചികിത്സാരംഗത്ത് സുപ്രധാനമായ ചുവടുവെപ്പാണെന്നും കാന്‍സര്‍ രോഗികള്‍ക്ക് പുതിയ ചികിത്സ വികസിപ്പിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കുന്നതായും കിംഗ്സ് കോളേജിലെ എക്‌സിപിരിമെന്റല്‍ ഓങ്കോളജിയിലെ ക്ലിനിക്കല്‍ റീഡറും ഗൈസ് & സെന്റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ മെഡിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റുമായ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ ദേബാഷിസ് സര്‍ക്കര്‍ പറഞ്ഞു. അദ്ദേഹമാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.

Tags:    

Similar News