അറിയാമോ?: അത്തിപ്പഴം പോഷകങ്ങളുടെ കലവറയാണ്

Update: 2024-01-08 08:12 GMT

പോഷകങ്ങളുടെ കലവറയാണ് അത്തിപ്പഴം. അന്നജം, മാംസ്യം, നാരുകൾ, ഫോസ്ഫറസ്, മാഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആവശ്യക്കാരേറെയുണ്ട് അത്തിക്ക്. കർഷകനു നല്ല വില ലഭിക്കുന്ന അത്തി ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഏകദേശം അഞ്ച് മുതൽ പത്ത് മീറ്റർവരെ ഉയരത്തിൽ വളരുന്ന ഒരു തണൽവൃക്ഷമാണ് അത്തി. നാടൻ അത്തി 15 മീറ്റർ ഉയരത്തിലും ചെറിയ ഇലകളും ധാരാളം കായ്കളുമുണ്ടാകും. പക്ഷികളുടെയും ജന്തുക്കളുടെയും ഭക്ഷണമായിട്ടാണ് അത്തിപ്പഴത്തെ കാണുന്നത്. കൊമ്പുകൾ നട്ടും വിത്തു മുളപ്പിച്ചും വേരിൽ നിന്നും തൈകൾ ഉണ്ടാകുന്നു. നാടൻ അത്തി മരുന്നുകൾക്കായും ഉപയോഗിക്കുന്നു. വേര്, തൊലി, കായ, ഇല എന്നിവ പ്രധാനമായും ഉപയോഗിച്ചു വരുന്നു.

അത്തിപ്പഴം സംസ്‌ക്കരിച്ചാൽ പല ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാം. മൂപ്പെത്തിയാൽ കായയുടെ നിറം പച്ചയിൽനിന്നു മങ്ങുന്നതായി കാണാം. മുറിച്ചാൽ നേരിയ ചുവപ്പ് ഉള്ളിൽ കാണാം. കൂടാതെ കായയുടെ ഉള്ളിൽ രോമങ്ങൾ പോലെ ഉണ്ടായിരിക്കും. അത്തി നാൽപ്പാമരത്തിൽപ്പെട്ടതാണ്. അത്തിപ്പഴം സംസ്‌ക്കരിച്ച് താഴെ പറയുന്ന മൂല്യാധിഷ്ഠിത വസ്തുക്കൾ നമ്മൾക്ക് ഉണ്ടാക്കാം. ജാം, കാൻഡി, കൊണ്ടാട്ടം, വൈൻ, ഹലുവ മുതലായവ. അത്തിപ്പഴം പറിച്ചെടുത്ത് ഞെട്ടും അടിഭാഗവും മുറിച്ചുകളഞ്ഞ് കായ നാലു ഭാഗങ്ങളായി മുറിച്ചെടുക്കുക. ഒരുകിലോ മുറിച്ച കായ ഒന്നര ലിറ്റർ വെള്ളത്തിൽ 80 ഗ്രാം ചുണ്ണാമ്പും 30 ഗ്രാം ഉപ്പും ഇട്ട് ഇളക്കി 24 മണിക്കൂർ സൂക്ഷിക്കുക. ഇതിനുശേഷം നല്ല ശുദ്ധജലത്തിൽ നാലു പ്രാവശ്യം കഴുകി വൃത്തിയാക്കുക. കഴുകിയശേഷം ഒരു നല്ല തുണിയിൽ കെട്ടി 5 മിനിട്ട് തിളച്ച വെള്ളത്തിൽ മുക്കുക. ശേഷം അതിലെ വെള്ളം വാർത്തുകളയുകയും ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കുകയും ചെയ്യുക.

Tags:    

Similar News