നടക്കാൻ സമയം കിട്ടുന്നില്ലേ?; വീടിനുള്ളിൽ തന്നെ നടന്നോളൂ, ഇങ്ങനെ ചെയ്താൽ മതി
തിരക്കിനിടയിൽ വ്യായാമം ചെയ്യണം എന്ന താത്പര്യം പലർക്കുമുണ്ട്. എന്നാൽ സമയം കിട്ടാറില്ല എന്നതാണ് പ്രശ്നം. ജിമ്മിൽ പോയി വ്യായാമം ചെയ്യാനോ നടക്കാൻ പോകാനോ കഴിയാത്ത നിരവധി പേരുണ്ട്. ഇങ്ങനെ സമയം കിട്ടാത്തവർ വീടിനുള്ളിൽ തന്നെ നടക്കുന്നതും പടികൾ കയറുന്നതും വ്യായാമത്തിന്റെ തന്റെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ട്രെഡ്മില്ലിലും അല്ലാതെയും വീടിനുള്ളിലുള്ള ഈ നടത്തം തന്നെ നമ്മുടെ ആരോഗ്യം പരിപാലിക്കാൻ ധാരാളമാണ്.
ഏത് തരത്തിലുള്ള വ്യായാമങ്ങളും നമ്മുടെ ശരീരത്തിന് നല്ലതാണ്. അമിതഭാരവും കലോറിയും കുറയ്ക്കാൻ എല്ലാ തരാം വ്യായാമങ്ങളും സഹായിക്കും. എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാർദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കാനും ഇത്തരം നടത്തം സഹായിക്കും. നടക്കുമ്പോൾ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുകയും രക്തസമ്മർദ്ദം കുറയുകയും എൻഡോർഫിൻ ഹോർമോണുകൾ പുറത്ത് വരികയും ചെയ്യുന്നു. ഇത് സ്വാഭാവികമായി തന്നെ ഒരു മനുഷ്യനെ സന്തോഷത്തിലേക്ക് നയിക്കും.
ഭക്ഷണശേഷം വീട്ടിനുള്ളിൽ തന്നെ കുറച്ച് നടക്കുന്നത് ഭക്ഷണം ദഹിക്കുന്നതിനും സഹായിക്കും. ഫോണിൽ സംസാരിക്കുന്ന സമയത്തോ പാട്ട് കേൾക്കുന്നു സമയത്തോ ഒക്കെ വീട്ടിൽ നടക്കാവുന്നതാണ്. ഇതും കലോറി കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇങ്ങനെ ദിവസവും ഒരു 10,000 സ്റ്റെപ് നടക്കാൻ സാധിക്കുന്നുണ്ടെകിൽ പിന്നെ വ്യായാമത്തെകുറിച്ചൊന്നും ചിന്തിക്കുക തന്നെ വേണ്ട.