വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ ചൂടോടെ ഒരു ബീഫ് കട്‌ലറ്റ് കൂടി ഉണ്ടെങ്കിലോ?, പൊളിക്കും ല്ലേ?. പക്ഷേ കട്‌ലറ്റ് ഉണ്ടാക്കാനുളള മടി കാരണം പലരും ഈ ആഗ്രഹം എന്തെങ്കിലും ചെറിയ സ്‌നാക്‌സിൽ ഒതുക്കാറാണ് പതിവ്. എന്നാലേ ഒരു അരമണിക്കൂർ മാറ്റിവയ്ക്കാനുണ്ടെങ്കിൽ നല്ല കിടിലൻ ബീഫ് കട്‌ലറ്റ് ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമുളള ചേരുവകൾ:
1. ബീഫ് വേവിച്ച് പൊടിയായി അരിഞ്ഞത് 250 ഗ്രാം
2. കോൺ ഫ്ലോർ 2 ടേബിൾസ്പൂൺ
3. ഉള്ളി 1 (ചെറുതായി അരിഞ്ഞത്)
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾസ്പൂൺ
5. പച്ചമുളക് 4 (ചെറുതായി അരിഞ്ഞത്)
6. കുരുമുളക് പൊടി 1 ടേബിൾസ്പൂൺ
7. ചുവന്ന മുളക് പൊടി 1 ടീസ്പൂൺ
8. വിനാഗിരി 1 ടീസ്പൂൺ
9. ബ്രെഡ് പൊടിച്ചത്, അല്ലെങ്കിൽ റസ്‌ക് പൊടിച്ചത്
10. മുട്ട- രണ്ടെണ്ണം
11. എണ്ണ വറുക്കാൻ പാകത്തിന്
12. ഉപ്പ് പാകത്തിന്
ബീഫ് കട്ട്ലറ്റ് തയ്യാറാക്കുന്നത് എങ്ങനെ?
ബീഫ് ആദ്യം വേവിച്ചെടുക്കുക. ഇതിന് വേണ്ടി ബീഫ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിൽ അൽപം മഞ്ഞപ്പൊടിയും ഉപ്പും മിക്സ് ചെയ്ത് 8-9 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. അത്രയും സമയം വേവിച്ച ശേഷം തീ ഓഫ് ചെയ്യുക. പ്രഷർ കളയേണ്ടതില്ല.
അത് തനിയേ പുറത്തേക്ക് പോവണം. പിന്നീട് തണുത്തതിന് ശേഷം വേവിച്ച് വെച്ച ബീഫ് എടുത്ത് അതിലേക്ക് വിനാഗിരിയും ഉപ്പും ചേർക്കുക. പിന്നീട് അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക. ശേഷം മുളക് പൊടിയും കുരുമുളക് പൊടിയും കൂടി മിക്സ് ചെയ്യണം.
കോൺ ഫ്ലോർ ചേർത്ത് മുഴുവൻ നല്ലതുപോലെ മിക്സ് ചെയ്യണം. കോൺഫ്ളവർ ചേർക്കുന്നത് ഈ മിശ്രിതത്തിന് നല്ല കട്ടി നൽകുന്നു. പിന്നീട് ഇത് കുഴച്ച് മാവ് രൂപത്തിലാക്കി കൈയ്യിൽ വെച്ച് ഉരുളകളാക്കി കട്ലറ്റ് വലിപ്പത്തിൽ പരത്തിയെടുക്കുക. കട്ട്ലറ്റ് ആഴത്തിൽ വറുത്തെടുക്കുന്നതിന് വേണ്ടി ഒരു പാനിൽ എണ്ണ ചൂടാക്കുക.
കട്ലറ്റ് വലിപ്പത്തിൽ പരത്തിയതിന് ശേഷം ഇത് മുട്ടയിൽ മുക്കി ബ്രഡ് പൊടിച്ചതിലോ റസ്‌ക് പൊടിച്ചതിലോ മുക്കി എടുത്ത് എണ്ണയിൽ വറുത്ത് കോരി എടുക്കുക. ഇത് ബ്രൗൺ നിറം ആവുമ്പോൾ എണ്ണയിൽ നിന്നും വാങ്ങേണ്ടതാണ്. നല്ല കെച്ചപ്പ് അല്ലെങ്കിൽ മയോണൈസ് ചേർത്ത് ചൂടോടെ തന്നെ കഴിക്കാം.